
ദില്ലി : ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സഹായം അനിവാര്യമെന്നും ഹൈബി ഈഡൻ എംപി നോട്ടീസിൽ വ്യക്തമാക്കുന്നു.
12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവിൽ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിച്ചെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്.
അതേ സമയം, ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഭാഗമായുണ്ടായ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ കൊച്ചിയിൽ ആരോഗ്യ സര്‍വേ തുടങ്ങി. 202 ആശാ പ്രവര്‍ത്തകരാണ് പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിലെ വീടുകളും ഫ്ലാറ്റുകളിലുമെത്തി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam