
ദില്ലി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ടിടിയെ യാത്രക്കാർ പിടികൂടി റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുന്ന കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി. തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. റെയിൽവേ വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനയാത്രക്കിടെ യുവാവ് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം കഴിഞ്ഞയിടയ്ക്ക് വലിയ വിവാദമായിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ശങ്കർ മിശ്ര ആണ് സംഭവത്തില പ്രതി. ഇന്ത്യക്കാരനായ ഇയാൾ അമേരിക്കയിലേ ജോലി ചെയ്യുകയാണ്. സംഭവത്തെത്തുടർന്ന് എയർ ഇന്ത്യ ഇയാൾക്ക് നാല് മാസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. സമാനമായ സംഭവം പിന്നാലെ അമേരിക്കൻ എയർലൈൻസിലും ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. മദ്യപനായ യാത്രക്കാരൻ തൊട്ടടുത്തിരുന്ന യാത്രക്കാരന് മേൽ മൂത്രമൊഴിക്കുകയായിരുന്നു. തുടർന്ന്, ഇയാളെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam