
ഹൈദരാബാദ്: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിൽ തങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് കറാച്ചി ബേക്കറി. തങ്ങളുടെ ആസ്ഥാനം ഹൈദരാബാദാണെന്നും 100 ശതമാനം ഇന്ത്യൻ കമ്പനിയാണെന്നും പേര് തങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും കറാച്ചി ബേക്കറി വ്യക്തമാക്കി. ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഇന്ത്യക്കാരാണെന്ന്. 1953 ൽ ഇന്ത്യയിലെ ഹൈദരാബാദിൽ സ്ഥാപിതമായ 100% ഇന്ത്യൻ ബ്രാൻഡാണ് കറാച്ചി ബേക്കറി. ഞങ്ങളുടെ പേര് ഞങ്ങളുടെ ദേശീയതയുടെ ഭാഗമല്ല, ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയെ സ്നേഹത്തോടെ സേവിക്കുന്ന ഇന്ത്യൻ ബ്രാൻഡായ ഞങ്ങൾ ആരാണെന്ന് അറിഞ്ഞ് ദയവായി പിന്തുണയ്ക്കുക- ബേക്കറി അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതി.
കറാച്ചി ബേക്കറിയുടെ പേര് പ്രത്യയശാസ്ത്രത്തിലല്ല, വിഭജന കാലഘട്ടത്തിലെ പാരമ്പര്യത്തിലാണ് വേരൂന്നിയതെന്ന് ബേക്കറി ഉടമകളായ രാജേഷും ഹരീഷ് രാംനാനിയും പിടിഐയോട് പറഞ്ഞു. വിഭജനകാലത്ത് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഞങ്ങളുടെ മുത്തച്ഛൻ ഖാൻചന്ദ് രാംനാനിയാണ് ബേക്കറിക്ക് ജന്മനാടിന്റെ പേര് നൽകിയത്. ഞങ്ങൾ അഭിമാനികളായ ഇന്ത്യക്കാരാണ്. 1953 മുതൽ ഞങ്ങൾ ഈ രാജ്യത്ത് ബേക്കിംഗ് നടത്തുന്നുവെന്നും അവർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ നിലനിൽക്കെ, വിശാഖപട്ടണത്തെ ബേക്കറിക്ക് നേരെ ആക്രമണമുണ്ടായി. കറാച്ചി ബേക്കറിക്കെതിരെ ഹൈദരാബാദിലും പ്രതിഷേധങ്ങൾ നടന്നു. കറാച്ചി പാകിസ്ഥാനിലെ പ്രധാന നഗരമായതിനാൽ ബേക്കറിയുടെ പേര് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam