പ്രസിഡന്റ് ബോൽസൊണരോ ഉൾപ്പെട്ട അഴിമതി ആരോപണം,  കൊവാക്സീൻ കരാർ റദ്ദാക്കാൻ ബ്രസീൽ

By Web TeamFirst Published Jun 30, 2021, 8:47 AM IST
Highlights

ഇടപാടിലെ  ക്രമക്കേടാരോപണം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

ദില്ലി: പ്രസിഡന്റ് ജയിർ ബോൽസൊണരോ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെയടക്കം അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീൻ വാങ്ങാനുള്ള കരാർ റദ്ദാക്കാൻ ബ്രസീൽ തീരുമാനിച്ചു. 324  ദശലക്ഷം ഡോളർ ചെലവഴിച്ച് 20 ദശലക്ഷം ഡോസ് കൊവാക്സീൻ വാങ്ങാനുള്ള കരാർ ആണ് റദ്ദാക്കുന്നതെന്ന് ബ്രസീൽ ആരോഗ്യമന്ത്രി അറിയിച്ചു. 

ഉയർന്ന വില നല്‍കിയാണ് വാക്സീന്‍ വാങ്ങുന്നതെന്ന ആരോപണമാണ് കരാറിനെതിരെ ഉയർന്നത്. ബ്രസീല്‍ പ്രസിഡന്‍റ് ബോല്‍സൊണാരോക്കെതിരെയായിരുന്നു പ്രധാനമായും ആരോപണങ്ങള്‍. ഇതിന് പിന്നാലെയാണ് കരാർ റദ്ദാക്കാന്‍ തീരുമാനിച്ചതായി ബ്രസീല്‍ ആരോഗ്യമന്ത്രി മാഴ്സെലോ ക്വിയിറോഗ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ വിശദമായ പരിശോധന ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

കരാറിനെ കുറിച്ച് ബ്രസീല്‍ ഫെഡറല്‍ പ്രോസിക്യൂഷനും അന്വേഷിക്കുന്നുണ്ട്. ഉയർന്ന വില, കരാറുണ്ടാക്കാന്‍ പെട്ടെന്നുള്ള തീരുമാനം, മുഴുവൻ അനുമതിയും ലഭിക്കാതെ കരാറിലേക്ക് എത്തിച്ചേര്‍ന്നത് തുടങ്ങിയ കാര്യങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. ഇക്കാര്യവും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. വാക്സീന്‍ ഡോസിന്‍റെ ശരാശരി വില ആയിരം ഇരട്ടി വര്‍ധിപ്പിക്കാനുള്ള കരാറില്‍ ഒപ്പിടാന്‍ തനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പ്രസിഡിന്‍റിനെ അറിയിച്ചിരുന്നുവെന്നും ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ പ്രോസിക്യൂഷന് മൊഴി നല്‍കിയിട്ടുണ്ട്. കൊവിഡ് നേരിടുന്നതില്‍  ബ്രസീല്‍ സർക്കാർ പരാജയപ്പെട്ടുവെന്ന വിമർശനം നിലനില്‍ക്കേ കൂടിയാണ് കൊവാക്സീന്‍റെ ആരോപണം കൂടി വരുന്നത്.  

അതേ സമയം, നടപടികൾ പാലിച്ചാണ് ബ്രസീലുമായുള്ള കരാറെന്നും പണം സ്വീകരിക്കുകയോ വാക്സീൻ വിതരണം തുടങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് കൊവാക്സീൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!