
ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന ഗുണമേന്മ സംബന്ധിച്ച് ചോദ്യമുയർത്തി വീഡിയോ. വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ നിന്നുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഐആർസിടിസി നൽകിയ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെട്ട വടയിൽ നിന്ന് ഒരു യാത്രക്കാരൻ അധിക എണ്ണ പിഴഞ്ഞ് മാറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ പകർത്തിയ ശേഷം യാത്രക്കാരൻ ഐആർസിടിസിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
120 രൂപയാണ് ഈ ഭക്ഷണത്തിനായി താൻ നൽകിയതെന്നും യാത്രക്കാരൻ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. യാത്രക്കാരന്റെ പോസ്റ്റിന് ഉടൻ ഐആർസിടിസിയുടെ മറുപടിയെത്തി. ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും തിരുത്തൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നുമാണ് ഐആർസിടിസി വിശദീകരിച്ചത്. യാത്രക്കാരന് മോശം ഭക്ഷണം വിളമ്പിയ ഏജൻസിക്കെതിരെ നടപടി ആരംഭിച്ചുവെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് പിആർഒ സി എച്ച് രാകേഷ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ബിഹാറിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. ദല്‍കോല റെയില്‍വേ സ്റ്റേഷനും തെൽത റെയിൽവേ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ഒരു ജനൽ ചില്ല് തകർന്നു. ട്രെയിനിലെ യാത്രക്കാരില്‍ ആർക്കും പരിക്കില്ല. ന്യൂ ജൽപായ്ഗുരിയില്‍ നിന്നും ഹൌറയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. ബിഹാറിലെ കാടിഹാര്‍ ജില്ലയിലാണ് സംഭവം നടന്ന സ്ഥലമുള്ളത്. 22302 വന്ദേഭാരത് എക്സ്പ്രസിന്‍റെ സി 6 കോച്ചിലാണ് അജ്ഞാതരുടെ കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ നിയമം അനുസരിച്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam