
ദില്ലി: ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുസമൂഹമാണെന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെതിരെ വിമർശനവുമായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് മോഹൻ ഭാഗവത് ഭരണഘടന വായിക്കണമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
"ഇന്ത്യൻ ഭരണഘടന ദയയോടെ വായിക്കാൻ ഞാൻ മോഹൻ ഭാഗവതിനോട് അഭ്യർത്ഥിക്കുകയാണ്. ശരിയാണ്, അദ്ദേഹം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. എന്നാൽ, ചില പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് അദ്ദേഹം ഭരണഘടന വായിക്കണം. ഉത്തരവാദിത്തമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഭരണഘടനക്കെതിരെ ഒരു പ്രസ്താവന നടത്താൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചു?"-ബൃന്ദ കാരാട്ട് വാർത്താ ഏജൻസിയായ എഎൻഐ പറഞ്ഞു.
"ഇന്ത്യക്കാരൻ ആണോ, അല്ലയോ എന്ന് പറയാൻ മോഹൻ ഭാഗവത് ആരാണ്? ആരാണ് ഇന്ത്യക്കാരൻ എന്ന് ഭരണഘടന നിർവചിക്കുന്നു. ഭാഗവത് പറയുന്നതല്ല, ആരാണ് ഇന്ത്യക്കാരെന്ന് രാജ്യത്തെ നിയമങ്ങളാണ് നിർവചിക്കുന്നത്"-ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
Read Also: 'ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണ്': മോഹന്‍ ഭാഗവത്
ഹൈദരാബാദില്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആര്‍എസ്എസ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. ആര്‍എസ്എസ് ആരെയെങ്കിലും ഹിന്ദു എന്ന് വിളിക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയെ മാതൃരാജ്യമായി കണ്ട് സ്നേഹിക്കുന്നവരാകുമെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെങ്കിലും ഏത് മതവിശ്വാസം പിന്തുടരുന്നവരാണെങ്കിലും ആരാധന നടത്തുന്നവരാണെങ്കിലും, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
ആര്‍എസ്എസിനെ സംബന്ധിച്ച് 130 കോടി ഇന്ത്യക്കാരും ഹിന്ദുസമൂഹമാണ്. ആര്‍എസ്എസ് എല്ലാവരെയും സ്വന്തമായാണ് കാണുന്നത്. അവരുടെ പുരോഗതിയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam