
ദില്ലി: ദില്ലിയില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് ഉത്തരവാദി ബിജെപി നേതാവ് കപില്‍ മിശ്രയാണെന്ന് ആരോപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബൃന്ദാ കാരാട്ട് കത്തില്‍ ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമായിരുന്നു പ്രസംഗത്തില്‍ മിശ്ര പറഞ്ഞത്.
''തലസ്ഥാനത്ത് ഒരു പൊലീസ് കോണ്‍സ്റ്റബിളും ആറ് പൗരന്മാരും ദാരുണമായി മരിച്ചത് അതീവ ദുഃഖകരമാണ്. ദില്ലിയിലെ കലാപത്തിനും പൊലീസുകാരന്‍റെ മരണത്തിനും ഉത്തരവാദി ആരൊക്കെയായാലും അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ദില്ലി പൊലീസും ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളും നിങ്ങളുടെ മന്ത്രാലയത്തിന്‍റെ കീഴിലാണ്. അതുകൊണ്ടാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് കത്തയക്കുന്നത്.'' - ബൃന്ദാ കാരാട്ട് കുറിച്ചു.
കഴിഞ്ഞ രണ്ട് മാസമായി പൗരത്വനിയമ ഭേദഗതിക്കെതിരെ സ്ത്രീകള്‍ നയിച്ചുവരുന്ന പ്രതിഷേധം സമാധാനപരമാണ്. ദില്ലി കലാപത്തിന് സമാനമായതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''സമാധാനപരമായ പ്രതിഷേധത്തിന് വര്‍ഗ്ഗീയ മുഖം നല്‍കാനുള്ള ബാഹ്യശ്രമത്തെക്കുറിച്ച് പൊലീസും ഇന്‍റലിജന്‍സ് ഏജന്‍സികളും മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നു. ഇന്‍റലിജന്‍സ് ഏജന്‍സിയുടെ പരാജയമോ റിപ്പോര്‍ട്ട് അവഗണിച്ചതോ ആകാം ഇതിന് കാരണം. ദില്ലിയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കാന്‍ മുന്നോട്ടുവരാന്‍ ബിജെപി നേതാവ് കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധം സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ ആളുകള്‍ ലാത്തിയും കല്ലുകളുമായി ചുറ്റിത്തിരിയുന്നതിന്‍റെ വീഡിയോകളുണ്ട്. ദില്ലി തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ദില്ലിയിലെ ജനങ്ങളോട് പ്രതികാരം ചെയ്യുന്നതുപോലെയാണ് ഇത്. ഈ സാഹചര്യത്തില്‍ കപില്‍ മിശ്രക്കെതിരെ നടപടി സ്വീകരിച്ച് സമാധാനത്തിനായി നിഷ്പക്ഷമായി ഇടപെടണം'' എന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപില്‍ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു.
'പൊലീസിന് ഞാന്‍ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങള്‍ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ല'- കപില്‍ മിശ്ര പറഞ്ഞു.
സംഘര്‍ഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ്, ജനങ്ങളോട് സംഘടിച്ച് ജാഫ്രാബാദിന് മറുപടി നല്‍കാന്‍ കപില്‍ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ജാഫ്രാബാദിന് ഉത്തരം നൽകാൻ എല്ലാവരും ഒത്തുകൂടണമെന്നായിരുന്നു കപിൽ മിശ്രയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ഞങ്ങൾ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ജഫ്രാബാദിനെ മറ്റൊരു ഷഹീൻബാഗ് ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദില്ലി തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയായിരുന്ന കപില്‍ മിശ്ര നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കണമെന്നായിരുന്നു കപില്‍ മിശ്രയുടെ ആഹ്വാനം. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് സ്വദേശിയായ 17 കാരന്‍ ദില്ലിയിലെ പ്രതിഷേധകര്‍ക്ക് നേരെ വെടിവച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളിലൊരാള്‍ക്ക് വെടിയേറ്റ് പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam