ബാംഗ്ലൂരിൽ പട്ടാപ്പകൽ നായ്ക്കുരണപ്പൊടി വിതറിയുള്ള മോഷണശ്രമം പാളി, ഒരാൾ പിടിയിൽ

By Web TeamFirst Published Sep 11, 2019, 3:34 PM IST
Highlights

 പിന്നിൽ നിന്നും തട്ടി വിളിച്ച് ഒരാൾ  'മുതുകിൽ ഒരു പ്രാണി ഇരിക്കുന്നുണ്ട്' എന്ന് പറഞ്ഞത്. അപ്പോൾ വെങ്കടേഷ് തന്റെ കയ്യിലിരുന്ന ബാഗ് തൊട്ടടുത്തുകണ്ട ഒരു ബൈക്കിൽ വെച്ച് ഷർട്ട് ഊരി പരിശോധിച്ചു.

ഹെസരഘട്ട : എഴുപതുകാരനായ വൃദ്ധനിൽ നിന്ന് നാല്പത്തയ്യായിരം രൂപയടങ്ങിയ ഹാൻഡ് ബാഗ് അപഹരിക്കാൻ ശ്രമം നടത്തിയ സംഘം, വൃദ്ധനിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ പ്രതിരോധം കാരണം പിടിയിലായി. വൃദ്ധന്റെ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറി അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ച ശേഷമായിരുന്നു മോഷണശ്രമം. ശ്രദ്ധ തിരിച്ച് വൃദ്ധനിൽ നിന്നും ഹാൻഡ്ബാഗ് തട്ടിപ്പറിച്ച മൂവർ സംഘം നിഷ്പ്രയാസം ഓടിരക്ഷപ്പെട്ടുകളയാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആ വൃദ്ധൻ അവർ കരുതിയപോലെ അവശനായ ഒരാളായിരുന്നില്ല. 

വെങ്കടേഷ് എന്നായിരുന്നു ആ വയോധികന്റെ പേര്. കുടുംബത്തോടൊപ്പം കാശിയിലേക്ക് തീർത്ഥയാത്ര പോകാൻ വേണ്ടിയായിരുന്നു അദ്ദേഹം തന്റെ ഫ്ലാറ്റിൽ നിന്നും വെറും 400  മീറ്റർ മാത്രം ദൂരെയുള്ള ബാങ്കിൽ നിന്ന് പണം പിൻവലിച്ചത്. ബാങ്കിന്റെ പരിസരത്ത് ചുറ്റിപ്പറ്റി നിന്ന സംഘം അദ്ദേഹത്തിന്റെ പണമിടപാടുകൾ നിരീക്ഷിച്ച് പണം തട്ടിയെടുക്കാനായി പിന്നാലെ കൂടുകയായിരുന്നു. പട്ടാപ്പകൽ 12:30 നായിരുന്നു സംഭവം. അത് അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായിരുന്നു.  അദ്ദേഹം ജനിച്ചു വളർന്ന ഇടം. ആ തെരുവിലെ മുക്കും മൂലയും അയാൾക്ക് സുപരിചിതമായിരുന്നു. 

വെങ്കടേഷ് ബാങ്കിൽ നിന്നിറങ്ങും വഴിയാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാതെ സംഘത്തിലൊരാൾ ദേഹത്ത് നായ്ക്കുരണപ്പൊടി വിതറിയത്. ദേഹമാകെ കലശലായ ചൊറിച്ചിൽ അനുഭവപ്പെട്ടു എങ്കിലും റോഡിൽ വെച്ച് തന്റെ ഷർട്ട് ഊരാൻ അദ്ദേഹത്തിന് മനസ്സുണ്ടായില്ല. വീട് ലക്ഷ്യമാക്കി പരമാവധി വേഗത്തിൽ വെങ്കടേഷ് നടത്തം തുടർന്നു. അപ്പോഴാണ് അദ്ദേഹത്തെ പിന്നിൽ നിന്നും തട്ടി വിളിച്ച് ഒരാൾ 'മുതുകിൽ ഒരു പ്രാണി ഇരിക്കുന്നുണ്ട്' എന്ന് പറഞ്ഞത്. അദ്ദേഹം കൈ കൊണ്ട് തപ്പി നോക്കിയെങ്കിലും ഒന്നും കണ്ടില്ല. അയാൾ ആ പ്രാണിയെപ്പറ്റി വീണ്ടും വീണ്ടും വെങ്കടേഷിനോട് പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ വെങ്കടേഷ് തന്റെ കയ്യിലിരുന്ന ബാഗ് തൊട്ടടുത്തുകണ്ട ഒരു ബൈക്കിൽ വെച്ച് ഷർട്ട് ഊരി പരിശോധിച്ചു.

അപ്പോഴേക്കും പ്രാണിയെപ്പറ്റി പറഞ്ഞയാൾ ബാഗും എടുത്തുകൊണ്ട് ഓടി. ബാഗ് നഷ്ടപ്പെട്ടു എന്നറിഞ്ഞ നിമിഷം വെങ്കടേഷ് ഉറക്കെ അലറിവിളിച്ച് നാട്ടുകാരെ കൂട്ടി. പിന്നാലെ ആളുകൂടി എന്നുകണ്ടപ്പോൾ അയാൾ ബാഗ് വലിച്ചെറിഞ്ഞ് ബൈക്കിൽ കേറി രക്ഷപെടാൻ നോക്കി. അയാളെ ആളുകൾ വലിച്ചു താഴെയിട്ടു. അപ്പോഴേക്കും ബൈക്കിൽ വന്നയാൾ രക്ഷപ്പെട്ടിരുന്നു. 

ആദ്യം നായ്ക്കുരണപ്പൊടി ദേഹത്തെറിഞ്ഞ് വെങ്കടേഷിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചയാളും മറ്റൊരു ബൈക്കിലേറി രക്ഷപെട്ടു. എന്നാൽ മൂന്നാമൻ മാത്രം പിടിക്കപ്പെട്ടു. ആ തെരുവിൽ തലങ്ങും വിലങ്ങും സിസിടിവി കാമറകൾ ഉള്ളതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ മുഴുവനും പൊലീസിന് കിട്ടിയിട്ടുണ്ട്. പിടിക്കപ്പെട്ടയാൾ തമിഴ്‌നാട് സ്വദേശി രാജേഷാണ്. ബാംഗ്ലൂർ പോലുള്ള നഗരങ്ങളിലേക്ക് വന്ന്, മോഷണങ്ങളും പിടിച്ചുപറികളും നടത്തിയ ശേഷം തിരിച്ച് തമിഴ്‌നാട്ടിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് കടന്നുകളയുന്നതാണ് ഈ മോഷ്ടാക്കളുടെ സ്ഥിരം പതിവ്. അതുകൊണ്ടുതന്നെ ഇവരെ പിടികൂടുകയും അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാലും ഒരാളെ തെളിവുസഹിതം കയ്യിൽ കിട്ടിയ സ്ഥിതിക്ക് ബാക്കിയുള്ളവരെയും താമസിയാതെ വലയിലാക്കാൻ സാധിക്കുമെന്ന് പോലീസ് കരുതുന്നു. 

click me!