
ദാവണ്‍ഗരെ: മന്ത്രിസ്ഥാനത്തെ ചൊല്ലി കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ലിംഗായത്ത് പഞ്ചമസാലി സമാജ് ഗുരുപീഠ മഠാധിപതി വചനാനന്ദ സ്വാമിജിയും തമ്മില്‍ വേദിയില്‍ തര്‍ക്കം. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെയാണ് ഇരുവരും തര്‍ക്കമുണ്ടായത്. കുറഞ്ഞത് മൂന്ന് ലിംഗായത്ത് എംഎല്‍എമാരെയെങ്കിലും കാബിനറ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന ലിംഗായത്ത് നേതാവിന്‍റെ പരാമര്‍ശമാണ് യെദിയൂരപ്പയെ ചൊടിപ്പിച്ചത്.
'മുരുഗേഷ് നിരാനിക്ക് മന്ത്രിപദം നിര്‍ബന്ധമായും നല്‍കണം. നിങ്ങളുടെ പിന്നില്‍ പാറപോലെ ഉറച്ചുനിന്ന എംഎല്‍എയാണ് അയാള്‍. നിറാനിക്ക് മന്ത്രിപദം നല്‍കിയില്ലെങ്കില്‍ സമുദായം നിങ്ങള്‍ക്കെതിരെയാകും'-ലിംഗായത്ത് നേതാവ് വേദിയില്‍ പറഞ്ഞു. എന്നാല്‍, മതനേതാവിന്‍റെ പ്രസംഗം യെദിയൂരപ്പയെ ചൊടിപ്പിച്ചു. അദ്ദേഹം ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേറ്റു.
'നിങ്ങളുടെ സംസാരം ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഞാന്‍ വേദി വിടും. ഇത്തരം വാക്കുകള്‍ ഞാന്‍ നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. നിങ്ങളുടെ ഇഷ്ടത്തിനും താല്‍പര്യത്തിനും അനുസരിച്ച് എനിക്ക് പ്രവര്‍ത്തിക്കാനാകില്ല'.-യെദിയൂരപ്പ് തുറന്നടിച്ചു. മുഖ്യനെ അനുനയിപ്പിക്കാന്‍ ലിംഗായത്ത് നേതാവ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ പറയാം. പക്ഷേ എന്നെ ഭീഷണിപ്പെടുത്താനാണ് ഭാവമെങ്കില്‍ നടക്കില്ലെന്ന് യെദിയൂരപ്പ വ്യക്തമാക്കി. ടെലിവിഷന്‍ ക്യാമറകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തിരിച്ചറിഞ്ഞതോടെയാണ് യെദിയൂരപ്പ് അടങ്ങിയത്. കര്‍ണാടക ആഭ്യന്തരമന്ത്രി ബസവ ബൊമ്മരാജും വേദിയില്‍ ഉണ്ടായിരുന്നു.
നിറാനിക്കെതിരെയും യെദിയൂരപ്പ ദേഷ്യം പ്രകടിപ്പിച്ചു. എന്നാല്‍, അര്‍ഹമായ സ്ഥാനം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാനത്തെ ബിജെപിയുടെ ശക്തി ലിംഗായത്ത് സമുദായമാണെന്ന് ബിജെപി മനസ്സിലാക്കണമെന്നും ലിംഗായത്ത് നേതാക്കള്‍ പറഞ്ഞു. സമയവും തീയതിയും അനുവദിക്കുകയാണെങ്കില്‍ ലിംഗായത്ത് നേതാവിനോട് സ്വകാര്യ ചര്‍ച്ചക്ക് തയ്യാറാണെന്നും യെദിയൂരപ്പ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam