
ദില്ലി: രാജ്യത്തെ ഡോക്ടര്‍മാരെ ഉപകരണങ്ങളും വിദേശയാത്രകളും സ്ത്രീകളേയും നല്‍കി വരുതിയിലാക്കരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഐഎംഎ. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ രാജ്യത്തെ ഡോക്ടര്‍മാരെ പ്രലോഭിപ്പിച്ച് വശത്താക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയതായാണ് വാര്‍ത്തകള്‍ വന്നത്. മാര്‍ക്കറ്റിംഗ് മൂല്യങ്ങള്‍ക്ക് എതിരാണ് ഇത്തരണം പ്രവണതകളെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയെന്നായിരുന്നു ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.
എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനകരമാണ്. ഒന്നുകില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തെളിയിക്കണം അല്ലാത്ത പക്ഷം ആരോപണം നിഷേധിച്ച് മാപ്പു പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സുപ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ജനുവരി 2ന് നടന്ന് ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതുവരെയും വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടില്ലെന്നും ഐഎംഎ വിശദമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വരുന്ന ഭാഷ ഞെട്ടിക്കുന്നതാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്‍റ് രാജന്‍ ശര്‍മ്മ വിശദമാക്കി.
ഇത്തരത്തില്‍ ഡോക്ടര്‍മാരെ വശീകരിക്കുന്ന കമ്പനികളുടെയും അത്തരം വശീകരണങ്ങള്‍ക്ക് വിധേയരാവുന്ന ഡോക്ടര്‍മാരുടേയും വിവരം പ്രധാനമന്ത്രി പുറത്ത് വിടണം. ഇത്തരത്തിലുള്ള പ്രവണതകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രി ഫാര്‍മസ്യൂട്ടിക്കല്‍ കമപനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും ഐഎംഎ ചോദിക്കുന്നു. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റേതെന്നും ഐഎംഎ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam