
ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. കുംഭമേളയിൽ മരിച്ചവർക്കും രാഷ്‌ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു.
രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു. ഇൻ്റൺഷിപ്പ് പദ്ധതി നിരവധി യുവാക്കൾക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പി എം കിസാൻ പദ്ധതിയെയും ആയുഷ്മാൻ ഭാരത് പദ്ധതികളെയും രാഷ്ട്രപതി ഉയർത്തിക്കാട്ടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം വിഷയങ്ങളിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ ദ്രൗപദി മുർമു, വന്ദേ ഭാരത് അടക്കം പുതിയ മോഡൽ ട്രെയിനുകൾ രാജ്യത്തിൻ്റെ റെയിൽവേ വികസനത്തിൽ നിർണ്ണായകമായിയെന്നും കൂട്ടിച്ചേർത്തു.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ഉടൻ ലോകത്തെ മൂന്നാം സമ്പദ് ശക്തിയാകും. മധ്യവർഗത്തിന് വലിയ പ്രാധാന്യം നൽകുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായാണ് യൂണിഫൈഡ് പെന്ഷൻ പദ്ധതി കൊണ്ടുവന്നത്. മൂന്നിരട്ടി വേഗത്തിലാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വനിത ശാക്തീകരണത്തിനായാണ് വനിത സംവരണ ബില്ല്. എല്ലാ സർക്കാർ പദ്ധതികളും സുതാര്യമാണ്. യുവാക്കൾക്ക് തൊഴിലവസരത്തിനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. എ ഐ ടെക്നോളജിയിൽ ഇന്ത്യ മുൻപന്തിയിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാലയങ്ങൾ ശാക്തീകരിക്കപ്പെട്ടു. ബഹിരാകാശ രംഗത്തും നിർണ്ണായക നേട്ടങ്ങൾ കൈവരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
ഖേലോ ഇന്ത്യ രാജ്യത്തിൻ്റെ കായിക മേഖലക്കും ഉണർവായി. വഖഫ് ബില്ല് പുരോഗമനത്തിലേക്കുള്ള പടിക്കെട്ടാണ്. ഒരു രാജ്യം ഒരു ടാക്സ് എന്ന പ്രഖ്യാപനത്തെ ജിഎസ്ടി ശാക്തീകരിച്ചു. ബാങ്കിംഗ് മേഖലയിലടക്കം വലിയ കുതിപ്പാണ് രാജ്യത്തുണ്ടായത്. ഡിജിറ്റൽ ഇടപാടുകൾ പണ വിനിമയ നിരക്ക് കൂട്ടി. യുപിഐ ഇടപാടുകൾ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തെ ചെറിയ കടകളിലേക്ക് വരെ എത്തിച്ചു. സൈബർ സുരക്ഷക്കായി നടപടികൾ സ്വീകരിച്ചു. സൈബർ കുറ്റ കൃത്യങ്ങളിൽ ശക്തമായ നടപടി. സൈബർ സെക്യൂരിറ്റി ഇൻഡക്സിൽ രാജ്യം മുൻപിലാണ്. കശ്മീർ മുതൽ കന്യാകുമാരി വരെ റെയിൽവേ ലൈൻ യാഥാർത്ഥ്യമാക്കി. വ്യോമഗതാഗത മേഖലയും വികസിച്ചു. വിമാന സർവീസുകളുടെയും, വിമാനത്താവളങ്ങളുടെയും എണ്ണം ഇരട്ടിയായി. ദില്ലി മെട്രോയുടേതടക്കം നെറ്റ് വർക്ക് വിപുലീകരിച്ചു. മെട്രോ നെറ്റ് വർക്കിൽ ഇന്ത്യ മൂന്നാമതാണ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുണ്ടായി. മെഡിക്കൽ ഉപകരണ നിർമ്മാണ രംഗത്ത് തൊഴിലവസരങ്ങളും കൂടി. ഇന്ത്യയിലെ കാർഷിക രംഗത്ത് റെക്കോർഡ് ഉത്പാദനമാണ് ഉണ്ടായത്. ക്ഷീരമേഖലയടക്കം ലോകത്തിന് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കശ്മീർ പുനസംഘടന കശ്മീരിൻ്റെ വികസനത്തിൽ നിർണ്ണായകമായി. ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടത്താൻ കഴിഞ്ഞു. ഭരണഘടന സംരക്ഷണം സർക്കാരിൻ്റെ പ്രഥമ ദൗത്യം. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തടസങ്ങളില്ലെന്നും ദ്രൗപദി മുർമു കൂട്ടിച്ചേർത്തു.