ബഫർ സോൺ: രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്, പ്രതീക്ഷയോടെ കേരളം

By Web TeamFirst Published Sep 29, 2022, 4:13 PM IST
Highlights

പുതിയതായി രണ്ട് പ്രദേശങ്ങളെയും ഒഴിവാക്കിയ വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭ്യമാകുമെന്നാണ് നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

ദില്ലി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രത്തിനുമാണ് ഇളവ് പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിധിക്കെതിരെ കേരളം പുനഃപരിശോധനാ ഹർജി സമർപ്പിച്ചിരുന്നു. വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയതായി രണ്ട് പ്രദേശങ്ങളെയും ഒഴിവാക്കിയ വിധിയുടെ ആനുകൂല്യം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ലഭ്യമാകുമെന്നാണ് നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

അതേസമയം,, സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.  ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാന്‍ ആയിട്ടുള്ള സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ശ്രീ. ജയിംസ് വര്‍ഗീസ് ഐ.എഫ്.എസ്(റിട്ട) എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

click me!