ബഫർസോൺ ഹർജികൾ മൂന്നംഗ ബഞ്ചിന് ,വിധിയിലെ ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷണം

By Web TeamFirst Published Jan 16, 2023, 3:40 PM IST
Highlights

എല്ലാവരും പ്രയോഗികമായ  പരിഹാരം കണ്ടത്താൻ ശ്രമിക്കണം എന്ന് കോടതി.മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.ബഫര്‍സോണ്‍ വിധി വന്നതോടെ പല നഗരങ്ങളും ഇതിൻ്റെ കീഴിലായി. വിധി കൊണ്ട് ഉദ്ദേശിച്ച നല്ല വശമല്ല നിലവിൽ നടക്കുന്ന തെന്നും അമിക്കസ് ക്യൂറി.

ദില്ലി: ബഫർ സോൺ വിധിയിൽ ഭേദഗതിക്ക് വഴിയൊരുങ്ങുന്നു. വിധിയിൽ ഇളവ് തേടി കേന്ദ്രവും കേരളവും അടക്കം നല്‍കിയ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിധിയിൽ മാറ്റം വരുത്തും എന്ന സൂചന ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്കി. കരട് വിജ്ഞാപനം വന്ന മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രവും കേരളവും തമിഴ്നാടും കർഷകസംഘടനകളും സുപ്രീംകോടതിയെ സമീപിച്ചത്. ബഫർസോണിൽ കേരളത്തിന് താൽക്കാലിക ആശ്വാസമാണ് കോടതി തീരുമാനം. വിധി ജനജീവീതത്തെ സ്തംഭിപ്പിച്ചെന്നും നിർമ്മാണ പ്രവർത്തനം ജനങ്ങൾക്ക് പ്രയാസകരമായെന്നും കേന്ദ്രം അറിയിച്ചു. വിധിയെ  കൊണ്ട് ഉദ്ദേശിച്ച നല്ലവശങ്ങൾ അല്ല നിലവിൽ സംഭവിച്ചിരിക്കുന്നതെന്ന് കേസിലെ അമിക്കസ് ക്യൂറി കെ പരമേശ്വർ വ്യക്തമാക്കി.  എന്നാൽ എല്ലാ മേഖലകൾക്കും ഇളവു നല്‍കരുതെന്നും അമിക്കസ് ക്യൂറി നിർദ്ദേശിച്ചു. 

മലയോരമേഖലകളിലെ ജനങ്ങൾ ആശങ്കയിലാണ്. വിധി നടപ്പാക്കുന്നത് വലിയ പ്രതിസന്ധിയാണെന്നായിരുന്നു സംസ്ഥാനം വാദിച്ചത്. വിധി നടപ്പാക്കുന്നതോടെ കേരള ഹൈക്കോടതിയുടെ അടക്കം പ്രവർത്തനം മാറ്റിണ്ടേവരുമെന്നും നഗരങ്ങൾ അടക്കം പ്രതിസന്ധിയിലാകുമെന്നും സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ കോടതിയെ അറിയിച്ചു. കരട് വിജഞാപനം അടക്കം നടപ്പാക്കിയ കാര്യങ്ങൾ കോടതിയെ ധരിപ്പിക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് കേന്ദ്രവും സംസ്ഥാനവും കോടതിയിൽ സമ്മതിച്ചു. 

ഹർജിക്കാരുടെ വാദങ്ങൾ  കേട്ട കോടതി വിഷയത്തിൽ ചില ഭേദഗതികൾ ആവശ്യമെന്ന് നീരീക്ഷിച്ചു. എന്നാൽ മൂന്നംഗ ബെഞ്ച് പുറത്തിറക്കിയ വിധിയിൽ രണ്ടംഗ ബെഞ്ചിന് ഉത്തരവിറക്കാനാകില്ല. ഈ സാഹചര്യത്തിൽ ഹർജികൾ മൂന്നംഗ ബെഞ്ചിന് വിടാൻ സുപ്രീം കോടതി രജസ്ട്രിക്ക് നിർദ്ദേശം നൽകുന്നതായി ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഖനനമാണ് വിഷയമെന്നും ഇത് തടയാനാണ് വിധിയെന്നും ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. 

കേരളത്തിലെ സ്ഥിതി സങ്കീർണ്ണമാണെന്ന് കേസിലെ മറ്റ് ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകരായ ദീപക് പ്രകാശ്, വിൽസ് മാത്യൂസ്, ഉഷ നന്ദിനി, വി കെ ബിജു എന്നിവർ കോടതിയെ അറിയിച്ചു. വയനാട്ടിലെ സുൽത്താൻ ബത്തേരി നഗരസഭയുടെ 80 ശതമാനവും ബഫർ സോണിയാലെന്നും ഇത് വലിയ പ്രതിസന്ധിയാണെന്നും നഗരസഭയ്ക്കായി ഹാജരായ അഭിഭാഷകൻ ദീപക് പ്രകാശ് കോടതിയെ ധരിപ്പിച്ചു. കേരളത്തിന്‍റെ മലയോരമേഖലകളിലെ ജനജീവീതം സ്തംഭിച്ചെന്നും ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നും അഭിഭാഷകൻ വി കെ ബിജു പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ട് ഹാജരായി.

 

click me!