Latest Videos

ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം വീണ്ടും കൂടി, ഒഴിയാതെ ആശങ്ക

By Web TeamFirst Published Jan 16, 2023, 3:11 PM IST
Highlights

ജില്ലാ ഭരണകൂടം ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് 826 കെട്ടിടങ്ങളിലാണ് ഇതുവരെ വിള്ളൽ വീണത്. ഇതിൽ 165 എണ്ണം അതീവ അപകടാവസ്ഥയിലാണെന്ന് രേഖപ്പെടുത്തി

ദില്ലി: ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങളുടെ എണ്ണം വീണ്ടും കൂടി. എണ്ണൂറിലധികം കെട്ടിടങ്ങളിൽ വിള്ളൽ രൂപപ്പെട്ടതായി ജില്ലാഭരണകൂടം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘം പ്രശ്ന ബാധിത മേഖലകൾ സന്ദർശിച്ചു. ജോഷിമഠിലെ ഭൗമപ്രതിഭാസം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ജില്ലാ ഭരണകൂടം ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് 826 കെട്ടിടങ്ങളിലാണ് ഇതുവരെ വിള്ളൽ വീണത്. ഇതിൽ 165 എണ്ണം അതീവ അപകടാവസ്ഥയിലാണെന്ന് രേഖപ്പെടുത്തി. 223 കുടുംബങ്ങളെ ഇതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിച്ചു. അപകടാവസ്ഥയിലായ രണ്ട് കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകകയാണ്. ഇതിന് പുറമെ മറ്റ് രണ്ട് കെട്ടിടങ്ങൾ കൂടി പരസ്പരം ചാഞ്ഞ് നിൽക്കുന്നതായി കണ്ടെത്തി. 

സ്നോ ക്രസ്റ്റ് , കോമറ്റ് എന്നീ ഹോട്ടലുകളാണ് അപകടാവസ്ഥയിലുള്ളത്. ജോഷിമഠിലെ സ്ഥിതി വിലയിരുത്താനായി പ്രധാനമത്രിയുടെ ഓഫീസിൽ നിന്നുമുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി. മംഗേഷ് ഗിൽഡിയലിന്റെ നേത്യത്വത്തിൽ എത്തിയ സംഘം പ്രശ്ന ബാധിത മേഖലകൾ സന്ദർശിച്ചു. മനോഹർ ബാഗിലെ കെട്ടിടങ്ങളും റോപ്‌വേ അടക്കമുള്ളവയുടെയും സ്ഥിതി സംഘം പരിശോധിച്ചു. 

ഹിമാചൽ പ്രദേശിലെ മണ്ഡിയിലുൾപ്പടെ റോഡിലും കെട്ടിടങ്ങളിലും രൂപപ്പെട്ട വിള്ളലുകളിൽ ഹിമാചൽ മുഖ്യമന്ത്രി ആശങ്ക അറിയിച്ചു. സംസ്ഥാനത്തിന് അനുവദിക്കുന്ന ദുരന്ത നിവാരണ ഫണ്ട് കൂട്ടണമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സംസ്ഥാനത്തും ജോഷിമഠിലെ സ്ഥിതി ആവർത്തിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.

click me!