ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബുൾഡോസർ രാഷ്ട്രീയം പുതിയ കഥയൊന്നുമല്ല, മധ്യപ്രദേശ് രാമനവമി ദിനത്തിലെ സംഘർഷത്തിന് പിന്നാലെ ഖർഗാവിൽ അനധികൃതകൈയ്യേറ്റങ്ങൾക്ക് നേരെ ബുൾഡോസർ ഉരുണ്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സംഘർഷത്തിൽ അറസ്റ്റിലായവരുടെ വീടുകൾ അടക്കം പൊളിച്ചെന്ന് ആരോപണം ഉയർന്നു. ഇത് നിയമവിധേയമെല്ലെന്നും വിമർശനം ശക്തമായി. ഇതിന് പിന്നാലെയാണ് ദില്ലി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തിക്ക് പിന്നാലെ സംഘർഷമുണ്ടായത്.
സംഘർഷം നടന്ന് രണ്ട് ദിവസത്തിന് ശേഷം ഇവിടുത്തെ അനധികൃത കയ്യേറ്റങ്ങൾക്ക് നേരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് വടക്കൻ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ഇവിടെ പൊളിക്കൽ നടത്തി. റോഡിന്റെ ഇരുവശങ്ങളിലെയും ചെറിയ കടകൾ റോഡിലേക്ക് ഇറങ്ങി നിന്ന നിർമ്മാണങ്ങൾ ഉൾപ്പെടെ പൊളിച്ചു നീക്കി. സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചു പകപോക്കൽ നടപടിയെന്ന് നാട്ടുകാർ ആരോപിച്ചു. ഒടുവിൽ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പൊളിക്കൽ നിർത്തിവെച്ചു. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്..
ഷെഹീൻബാഗ് അഥവാ പൌരത്വ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രം
വടക്കൻ ദില്ലി മുനസിപ്പിൽ കോർപ്പറേഷൻ സുപ്രീം കോടതി ഇടപെടലിന് പിന്നാലെ പൊളിക്കൽ നടപടികൾ നിർത്തിവെച്ചതിന് ശേഷമാണ് ബിജെപി ഭരിക്കുന്ന മറ്റൊരു കോർപ്പറേഷനായ തെക്കൻ ദില്ലി മുനസിപ്പിൽ കോർപ്പേറേഷൻ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ കോർപ്പറേഷൻ മേയർ മുകേഷ് സൂര്യൻ നേരിട്ട് പത്തിടങ്ങളിൽ സന്ദർശനം നടത്തി അനധികൃത കയ്യേറ്റങ്ങളെ സംബന്ധിച്ച് കഴിഞ്ഞ മാസം സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കി.
ഒമ്പത് ഇടങ്ങളിൽ പൊളിക്കൽ നടപടികൾക്ക് തീയ്യതിയും പ്രഖ്യാപിച്ചു. ഇതിൽ ഷെഹീൻബാഗും ഉൾപ്പെടുന്നു. ഷെഹീൻബാഗിന്റെ സമീപപ്രദേശങ്ങളായ കാളിന്ദി കുഞ്ച് , ന്യൂ ഫ്രണ്ട്സ് കോളനി എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ടായിരുന്നു. എന്നാൽ ദില്ലി പൊലീസ് സുരക്ഷ നൽകാൻ സമയം നൽകണമെന്ന് കോർപ്പറേഷനെ അറിയിച്ചത് കൊണ്ട് ഈ മാസം ആദ്യ ആഴ്ച പ്രഖ്യാപിച്ച് സ്ഥലങ്ങളിൽ നടപടിയുണ്ടായില്ല. തുടർന്നാണ് ഇന്ന് ഷെഹീൻബാഗിൽ നടപടിക്ക് കോർപ്പറേഷൻ എത്തിയത്. ദില്ലി പൊലീസും, കേന്ദ്രസേനയും അടക്കം വലിയ സന്നാഹത്തെയും ഇവിടെ വിന്യസിച്ചു.
പൌരത്വ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധം നടന്ന സ്ഥലത്ത് തന്നെയായിരുന്നു ഇന്നത്തെ നടപടിക്ക് അധികൃതർ എത്തിയത്. നാല് ജെസിബികളും ഇതിനായി തയ്യാറാക്കിയിരുന്നു. ജെസിബി പൊളിക്കൽ നടപടികൾക്കായി ഈ ഭാഗത്തേക്ക് എത്തിയപ്പോൾ തന്നെ വലിയ പ്രതിഷേധവും നാട്ടുകാരും കോൺഗ്രസ് , ആംആദ്മി പാർട്ടി പ്രവർത്തകരും സംഘടിച്ച് എത്തി. ജെസിബിക്ക് മുകളിൽ കയറിയിരുന്ന് പ്രതിഷേധം. റോഡ് കുത്തിയിരുന്നും പ്രതിഷേധം ആകെ നാടകീയ രംഗങ്ങൾ. എഎപി എംഎൽഎ അമാനത്തുള്ള ഖാനും പ്രതിഷേധത്തിന് എത്തിയതേോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങി.
നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും കൂടുതൽ പേർ പൊലീസിന് നേരെ എത്തിയതോടെ ബല പ്രയോഗത്തിലേക്ക് കാര്യങ്ങൾ നീങ്ങി. ഒടുവിൽ പന്ത്രണ്ടരയോടെ താൽകാലികമായി ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കുകയാണ് കോർപ്പറേഷൻ അറിയിച്ചു. നേരത്തെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ ഇവിടെ സർവേ നടന്നപ്പോൾ തന്നെ റോഡിലേക്ക് ഇറങ്ങി നിന്ന ചെറിയ കടകളും മറ്റു നിർമ്മാണങ്ങളും ഇവിടെ നിന്ന് മാറ്റിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കെട്ടിടങ്ങൾ എല്ലാം നിയമവിധേയമായി നിർമ്മിച്ചതാണെന്നും ഒരു നോട്ടീസ് പോലും തരാതെ അധികൃതർ നടത്തുന്ന നീക്കം പൌരത്വ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് ഷെഹീൻ ബാഗിലെ നാട്ടുകാർക്ക് നേരെയുള്ള ബിജെപിയുടെ പ്രതികാര നടപടിയെന്നാണ് ഷെഹീൻബാഗിലെ സമരത്തിന് സംഘാടകയായിരുന്ന തൻവീർ ജഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
പൌരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷെഹീൻബാഗിലേക്കും ബുൾഡോസർ ഉരുണ്ടതെന്നതും പ്രധാനമാണ്. എന്നാൽ പല കെട്ടിടങ്ങളും അനധികൃതമായി നിർമ്മിച്ചതാണെന്ന് കോർപ്പറേഷൻ വിശദീകരിക്കുന്നു, പൊളിക്കൽ നടപടി തടഞ്ഞ എഎപി എംഎൽഎ അമാനത്തുള്ള ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ കോർപ്പറേഷൻ പൊലീസിൽ പരാതി നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പ്
ദില്ലിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. ഈ മൂന്ന് കോർപ്പറേഷനുകളും ഒന്നാക്കി ഒറ്റ മുനസിപ്പിൽ കോർപ്പറേഷനാക്കി കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഭേദതഗതി പാസാക്കിയിരുന്നു. ഈക്കുറി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എഎപിക്കും ബിജെപിക്കുമിടയിൽ ശക്തമായ പോരാകും നടക്കുക. കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ആംആദ്മി പാർട്ടി, ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപിയും . ഈ സാഹചര്യത്തിൽ കൂടിയാണ് പൊളിക്കൽ നടപടികൾക്ക് വലിയ രാഷ്ട്രീയ പ്രധാന്യം കൈവരുന്നത്.
ജഹാംഗീർപൂരിയിലെ നടപടി അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾക്കും റോഹിഗ്യകൾക്കും എതിരെയാണെന്ന് വാദമായിരുന്നു ബിജെപി ശക്തമാക്കിയിരുന്നത്. ഇതിൽ വാക് പോര് എഎപിയും ബിജെപിയും തമ്മിൽ രൂക്ഷമായിരുന്നു. എന്നാൽ പൊളിക്കൽ നടപടി ജഹാംഗീർപൂരിയിൽ നടന്ന ദിവസം നേരിട്ടെത്തിയുള്ള പ്രതിഷേധത്തിലേക്ക് എഎപിയും കോൺഗ്രസും നീങ്ങിയിരുന്നില്ല. പക്ഷേ ഷെഹീൻബാഗിൽ പൌരത്വ പ്രതിഷേധത്തിന്റെ ഗുണം കിട്ടിയത് എഎപിക്കായിരുന്നു വീണ്ടും ഇവിടെ എഎപി എംഎൽഎയായി അമാനത്തുള്ള ഖാൻ ജയിച്ചു കയറി, കോൺഗ്രസിനും സാന്നിധ്യമുള്ള പ്രദേശം . ഈ സാഹചര്യത്തിലാണ് ഇരുപാർട്ടികളും പൊളിക്കൽ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഏതായാലും ദില്ലിയിലെ ബുൾഡോസർ രാഷ്ട്രീയം ഇവിടെ തീരാൻ സാധ്യതയില്ല. ഷെഹീൻബാഗിലെ പൊളിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം.ജഹാംഗീർപുരിയിലേത് പോലെ സ്റ്റേ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി നല്‍കിയ സിപിഎമ്മിനെയം സുപ്രീംകോടതി വിമർശിച്ചു. സി പി എം എന്തിനാണ് ഹർജി നൽകിയതെന്നും രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പരാമർശിച്ചു. ഈ സാഹചര്യത്തിൽ തെക്കൻ ദില്ലി കോർപ്പറേഷൻ നേരത്തെ പ്രഖ്യാപിച്ച് പൊളിക്കൽ നടപടി വീണ്ടും തുടരാനാണ് സാധ്യത. മുനസിപ്പിൽ തെരഞ്ഞെടുപ്പ് വരെ ദില്ലിയിൽ ബുൾഡോസറുകൾ ഉരുണ്ടു കൊണ്ട് ഇരിക്കും.