കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം, വീണ്ടും ഞെട്ടിച്ച് കൊണ്ട് സുകുമാര കുറുപ്പ് മോഡൽ ആവർത്തിച്ചു; പ്രതിയെ കുടുക്കിയത് കാമുകിയുള്ള ചാറ്റ്

Published : Dec 16, 2025, 09:52 AM IST
lathur car death

Synopsis

ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം മരണം വ്യാജമാക്കിയ ബാങ്ക് ഏജന്‍റ് മഹാരാഷ്ട്രയിൽ പിടിയിൽ. സുകുമാര കുറുപ്പ് മോഡലിൽ, ലിഫ്റ്റ് ചോദിച്ച യാത്രക്കാരനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മുംബൈ: സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ ബാങ്ക് ഏജന്‍റ് പിടിയിൽ. കാമുകിയുമായി ചാറ്റ് ചെയ്തതാണ് ഇയാളെ കുടുക്കിയത്. കേരളത്തിലെ സുകുമാര കുറുപ്പിനോട് സമാനമായി മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെ ലാത്തൂരിലെ ഔസ താലൂക്കിൽ കത്തിക്കരിഞ്ഞ കാറിൽ പൂർണമായും കത്തിപ്പോയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിന്‍റെ ഉടമയെ കണ്ടെത്തുകയും ഇയാൾ കാർ തന്‍റെ ബന്ധുവായ ഗണേഷ് ചവാന് നല്‍കിയിരുന്നുവെന്നും വ്യക്തമായി. ബാങ്ക് റിക്കവറി ഏജന്‍റായ ഗണേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ഇയാൾ വീട്ടിൽ തിരിച്ചെത്തിയിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും വീട്ടുകാർ അറിയിച്ചു. ഈ വിവരങ്ങളെല്ലാം വെച്ച്, മരിച്ചത് ഗണേഷ് ആണെന്നായിരുന്നു പ്രാഥമിക നിഗമനമെന്ന് ലാത്തൂർ എസ്പി അമോൽ താംബ്ളെ പറഞ്ഞു.

കാമുകിയുമായുള്ള ചാറ്റിംഗ് കുടുക്കി

അന്വേഷണം പുരോഗമിക്കവേ, തിങ്കളാഴ്ച ചില കാര്യങ്ങളിലുള്ള പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചു. ഗണേഷിന്‍റെ ജീവിതം പരിശോധിച്ചപ്പോൾ ഇയാൾക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഈ യുവതിയെ ചോദ്യം ചെയ്തപ്പോൾ, സംഭവത്തിന് ശേഷം ഗണേഷ് ചവാൻ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ച് അവരുമായി സന്ദേശങ്ങൾ അയക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് മനസിലാക്കി. മരിച്ചെന്ന് കരുതിയയാൾക്ക് ജീവനുണ്ടെന്ന് തെളിഞ്ഞതോടെ, കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ആരുടെയാണെന്ന് അറിയാൻ പൊലീസ് ഗണേഷിന്‍റെ പുതിയ ഫോൺ നമ്പർ പിന്തുടർന്നു. ഇത് പൊലീസിനെ ആദ്യം കോലാപൂരിലേക്കും പിന്നീട് സിന്ധുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കും എത്തിച്ചു. അവിടെ നിന്ന് ഗണേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ലക്ഷ്യമിട്ടത് ഒരു കോടിയുടെ ഇൻഷുറൻസ്

ഗണേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഹോം ലോൺ അടച്ചുതീർക്കുന്നതിന് വേണ്ടി ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി ഇയാൾ എടുത്തിരുന്നു. ഇത് നേടിയെടുക്കാൻ സ്വന്തം മരണം വ്യാജമാക്കാൻ ഇയാൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ശനിയാഴ്ച ഔസയിലെ തുളജാപ്പൂർ ടി-ജംഗ്ഷനിൽ വെച്ച് ലിഫ്റ്റ് ചോദിച്ച കാൽനട യാത്രക്കാരനായ ഗോവിന്ദ് യാദവിനെ ഗണേഷ് കാറിൽ കയറ്റി. ഗേവിന്ദ് മദ്യലഹരിയിലായിരുന്നതിനെ ചവാൻ മുതലെടുത്തു.

യാത്രയ്ക്കിടെ അവർ ഒരു ഭക്ഷണശാലയിൽ നിർത്തി. തുടർന്ന് വനവാഡ പതി-വനവാഡ റോഡിലേക്ക് പോയി. വാഹനം നിർത്തി ഗേവിന്ദ് ഭക്ഷണം കഴിച്ചതോടെ കാറിനുള്ളിൽ തന്നെ ഉറങ്ങിപ്പോയി. ഇതോടെ ഗോവിന്ദിനെ ഡ്രൈവർ സീറ്റിലേക്ക് വലിച്ചിട്ട് ഗണേഷ് സീറ്റ്‌ബെൽറ്റ് ഇട്ടു. ശേഷം തീപ്പെട്ടിക്കോലുകളും പ്ലാസ്റ്റിക് കവറുകളും സീറ്റിൽ വെച്ച് കാറിന് തീയിട്ടുവെന്നും ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും താൻ മരിച്ചുവെന്ന് കുടുംബത്തെ വിശ്വസിപ്പിക്കാനും വേണ്ടി ഗണേഷ് തന്‍റെ കയ്യിൽ കിടന്ന ബ്രേസ്‍ലെറ്റ് ഗേവിന്ദിന്‍റെ അടുത്തു വെച്ച ശേഷമാണ് രക്ഷപ്പെട്ടത്. ഇപ്പോൾ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗണേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും എസ്പി താംബ്ളെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുകമഞ്ഞ് കാഴ്ച മറച്ചു, യമുന എക്സ്പ്രസ്‍വേയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; നാല് മരണം, 25 പേരെ രക്ഷപ്പെടുത്തി
എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ