മകള്‍ക്കും രണ്ട് കുട്ടികള്‍ക്കും വീട്ടിലെത്താന്‍ യാത്രാവിമാനം വാടകക്കെടുത്ത് വ്യവസായി

Published : May 28, 2020, 07:56 PM IST
മകള്‍ക്കും രണ്ട് കുട്ടികള്‍ക്കും വീട്ടിലെത്താന്‍ യാത്രാവിമാനം വാടകക്കെടുത്ത് വ്യവസായി

Synopsis

മകള്‍ക്കും മകളുടെ രണ്ട് മക്കള്‍ക്കും വീട്ടുജോലിക്കാരിക്കും മാത്രമായി എ320 വിമാനം വാടകക്കെടുത്തത്. ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്കായിരുന്നു സര്‍വീസ്.  

ദില്ലി: കുടുംബത്തിലെ നാല് പേര്‍ക്കുവേണ്ടി 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനം വാടകക്കെടുത്ത് ബിസിനസുകാരന്‍. ഭോപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് മകള്‍ക്കും മകളുടെ രണ്ട് മക്കള്‍ക്കും വീട്ടുജോലിക്കാരിക്കും മാത്രമായി എ320 വിമാനം വാടകക്കെടുത്തത്. ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്കായിരുന്നു സര്‍വീസ്. വിമാനത്തിലെയും വിമാനത്താവളത്തിലെയും തിരക്ക് ഒഴിവാക്കാനാണ് 20 ലക്ഷം രൂപ നല്‍കി വിമാനം വാടകക്കെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. 

മദ്യവ്യവസായിയുടെ കുടുംബം ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മെയ് 25നാണ് വിമാനം കുടുംബാംഗങ്ങളെയും കൊണ്ട് ദില്ലിയില്‍ എത്തിയത്. എന്നാല്‍ വ്യവസായിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ഭോപ്പാല്‍ രാജാഭോജ് വിമാനത്താവളം ഡയറക്ടര്‍ അനില്‍ വിക്രം തയ്യാറായില്ല. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്. 

അതേസമയം രാജ്യത്ത് ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് തുടരുകയാണ്. ശ്രമിക് ട്രെയിനുകളിലൂടെയും കാല്‍നടയായും സൈക്കിളിലും ബസുകളിലുമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് വീടണയാന്‍ ശ്രമിക്കുന്നത്. നിരവധി പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. പലരും കൃത്യമായ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ തൊഴിലാളികളെ വീട്ടിലെത്തിക്കുന്നതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു