
മലാഡ്: മകനെ ആക്രമിക്കുന്നത് കണ്ട് ആഴുകൾ നോക്കിനിന്ന് വീഡിയോ എടുത്തു. ആരും സഹായത്തിനെത്തിയില്ല. മകന് അടിയേൽക്കാതിരിക്കാൻ പൊതിഞ്ഞ് പിടിച്ചിട്ടും മർദ്ദനമേറ്റു. മഹാരാഷ്ട്രയിലെ മലാഡിൽ ഓവർടേക്ക് ചെയ്തതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി മകൻ നഷ്ടമായ അമ്മയുടെ പ്രതികരണം അക്രമം നോക്കി നിന്ന ആളുകളിലേക്കും വിരൽ ചൂണ്ടുന്നതാണ്. ഒക്ടോബർ 12നാണ് മലാഡ് സ്വദേശിയായ ആകാശ് മൈൻ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഭാര്യയ്ക്കൊപ്പം മാതാപിതാക്കളെ സന്ദർശിക്കാൻ പോയ യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
മലാഡിലേക്ക് വരുന്നതിനിടെ ഇവരുടെ ബൈക്കിൽ ഉരസി ഓവർ ടേക്ക് ചെയ്ത് ഓട്ടോ പോയതിന് പിന്നാലെയാണ് സംഭവം. ഓട്ടോ ബൈക്കിൽ ഉരസിയതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ഓട്ടോ ഡ്രൈവർ ആളുകളേയും കൂട്ടിവന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഹൈദരബാദിലെ ടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് നവരാത്രി ആഘോഷങ്ങൾക്കായാണ് നാട്ടിലെത്തിയത്. വീട്ടിലേക്ക് ബുക്ക് ചെയ്തിരുന്ന കാർ ഡെലിവറി വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാവും കുടുംബവും.
മാതാപിതാക്കാളുടെ വീടിന് സമീപത്ത് വച്ചായിരുന്നു യുവാവിന് മർദ്ദനമേറ്റത്. ഓട്ടോ ഡ്രൈവറുമായി തർക്കമുണ്ടായ വിവരം യുവാവിന്റെ ഭാര്യ ഭർതൃവീട്ടുകാരെ അറിയിക്കുമ്പോഴേയ്ക്കും ഓട്ടോ റിക്ഷാ ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് മർദ്ദനം ആരംഭിച്ചിരുന്നു. സംഭവ സ്ഥലത്തേക്ക് എത്തിയ യുവാവിന്റെ മാതാപിതാക്കൾ അക്രമികളെ സമാധാനിപ്പിക്കാനും യുവാവിനെ രക്ഷിക്കാനും ശ്രമിച്ച് സാധിക്കാതെ വന്നതോടെയാണ് അമ്മ നിലത്ത് വീണുകിടന്ന മകനെ പൊതിഞ്ഞ് പിടിച്ചത്. മുംബൈയിൽ ഒരു വിമാനക്കമ്പനിയിൽ ജോലി ശരിയായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങി വരാനിരിക്കെയാണ് മകന്റെ ദാരുണാന്ത്യമെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ആക്രമികളോട് ഇരു കയ്യും കൂപ്പി മർദ്ദിക്കരുതെന്ന് കെഞ്ചിയിട്ടും ഓട്ടോ റിക്ഷ ഡ്രൈവറും സുഹൃത്തുക്കളും മർദ്ദനം തുടരുകയായിരുന്നു. സംഭവ സ്ഥലത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും വീഡിയോ എടുത്തതല്ലാതെ ആരും സഹായിക്കാൻ തയ്യാറായില്ലെന്നാണ് ആകാശിന്റെ അമ്മ ദീപാലി പറയുന്നത്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കദം, അമിത് വിശ്വകർമ്മ, ആദിത്യ സിംഗ്, ജയപ്രകാശ് ആംതേ, രാകേശ് ദാഗേഷ, സഹിൽ കദം, അക്ഷയ് പവാർ, പ്രതികേഷ് സർവേ, വൈഭവ് സാവന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam