പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

By Web TeamFirst Published Feb 2, 2020, 10:20 AM IST
Highlights

അന്താരാഷ്ട്ര തരത്തില്‍ പാലിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് എതിരും മതത്തിന്‍റെ പേരിലുള്ള വിവേചനം നിയമവിധേയമാക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍

ന്യൂയോര്‍ക്ക്: കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍. കൂടാതെ അന്താരാഷ്ട്ര തരത്തില്‍ പാലിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് എതിരും മതത്തിന്‍റെ പേരിലുള്ള വിവേചനം നിയമവിധേയമാക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്നും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കുന്നു.

2019 ഡിസംബറിലാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായെത്തിയ മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. പൗരാവകാശങ്ങള്‍ക്ക് എതിരല്ല ഈ നിയമമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

ആഫ്രിക്കയിലെ വിദേശകാര്യ ഉപകമ്മിറ്റി, ആഗോള ആരോഗ്യ, ആഗോള മനുഷ്യാവകാശ സംഘടനകള്‍ക്ക് മുമ്പാകെയാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഏഷ്യാ പസഫിക് അഡ്വകേസി മാനേജര്‍ ഫ്രാന്‍സിസ്കോ ബെന്‍കോസ്മി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആഗോള തരത്തില്‍ മതപരമായ പീഡനത്തിനെതിരെ രണ്ട് ഉപകമ്മിറ്റികളും സംയുക്ത ചര്‍ച്ചയും നടത്തി. എന്നാല്‍, സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി ഈ വാദങ്ങളെ ശക്തമായി എതിര്‍ത്തു.

പൗരത്വ നിയമ ഭേഗഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ജനാധിപത്യ സംവിധാനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നിയമം കൊണ്ട് വന്നതെന്നും ഇന്ത്യയടെ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ, പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്ത് കളയാനല്ലെന്നും പൗരത്വം നല്‍കാനുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ലോകത്തെ ഏത് രാജ്യത്ത് നിന്നും ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നെങ്കില്‍ യഥാവിധി ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും അതില്‍ പ്രശ്നങ്ങളിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

click me!