കൊറോണ: ചൈനയിലെ വുഹാനിൽ നിന്ന് എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി, സംഘത്തിൽ ഏഴ് മാലിദ്വീപ് സ്വദേശികളും

By Web TeamFirst Published Feb 2, 2020, 10:04 AM IST
Highlights

കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു

ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ദില്ലിയിലെത്തി. ഈ വിമാനത്തിൽ മലയാളികളടക്കം 323 ഇന്ത്യാക്കാരാണ് ഉള്ളത്. ഒപ്പം ഏഴ് മാലിദ്വീപ് സ്വദേശികളുമുണ്ട്. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. ഇവിടെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കൂ.

"

ഇന്നലെ 42 മലയാളികൾ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. ഇവരും ഈ രണ്ട് ക്യാംപുകളിലായാണ് ഉള്ളത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ. അതിനിടെ കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചൈനയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും പൊതു ഇടങ്ങളില്‍ ഇറങ്ങരുത്.ഇവരുടെ കുടുംബാംഗങ്ങളും വീട് വിട്ട് ഇറങ്ങരുത്.ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അവധി ലഭിക്കാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

"

ആദ്യം കോറോണ ബാധ സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്ത വിദ്യാർത്ഥിനിയെ, പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർക്കാണോ രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിൽ നിന്നുള്ള 12 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. 12 പേരെയും വിമാനത്താവളത്തിൽ ആരോഗ്യ വകുപ്പ് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് വീടുകളിലേക്ക് അയച്ചത്.

അതേസമയം ആദ്യം രോഗ ബാധ സ്ഥിരീകരിച്ച്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റു നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുറവുണ്ട്. പെൺ‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക. 

"

പെണ്‍കുട്ടിയുമായി ഇടപഴകിയ 69 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 37 പേര്‍ നേരിട്ട് ഇടപെട്ടവരാണ്. തൃശൂരില്‍ 133 പേര്‍ വീടുകളിലും 21 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തൃശൂരില്‍ നിന്ന് ഇന്ന് അഞ്ച് സാമ്പിളുകള്‍ കൂടി അയച്ചു. സാമ്പിള്‍ പരിശോധന വേഗത്തിലാക്കാൻ പൂനയില്‍ നിന്നുളള സംഘം അടുത്ത ദിവസം മുതല്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂറ്റിലെത്തും.

അതേസമയം കൊറോണയെ തുടർന്ന് ചൈനയിൽ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടും ചൈനയിൽ അപകടകരമായ രീതിയിൽ കൊറോണ പടരുകയാണ്. ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോർട്ട്. 

സർക്കാർ പുറത്തുവിടുന്ന കണക്കുകളനുസരിച്ച് മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തിൽ ഏറെയായി. ഇവരിൽ പലരുടേയും നില മോശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഇതോടെ ചൈനയിൽ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 

ചൈനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂടുതൽ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈത്തും വിലക്കേർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ നിർദേശം മറികടന്നാണ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നത്. ചൈനയുമായുള്ള അതിർത്തി അടയ്ക്കണണെന്നാവശ്യപ്പെട്ട് ഹോങ്കോങിലെ ഡോക്ടർമാരിൽ നല്ലൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതിർത്തികൾ അടയ്ക്കാതെ സ്കാനർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ലോകാരോഗ്യ സംഘടന വീണ്ടും നിർദേശിച്ചു. ഇതിനിടെ, അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു.

click me!