
മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ബുലന്ദ്ഷഹർ, ബറൈച്ച്, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷ സ്ഥിതി തുടരുകയാണ്. മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. കർശന നടപടിയുണ്ടാകുമെന്ന് യുപി ഡിജിപി വീണ്ടും മുന്നറിയിപ്പ് നല്കി.
ഉത്തർപ്രദേശിൽ ഇന്നലെ ലക്നൗവിലെ അക്രമങ്ങളിൽ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു. ഇന്ന് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധങ്ങൾക്ക് ആഹ്വാനമുണ്ടായിരുന്നു. പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. മീററ്റിൽ രാവിലെ മുതൽ സംഘർഷവാസ്ഥയായിരുന്നു. അലിഗഢിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മീററ്റിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ എത്തിച്ചു.
ബുലന്ത് ഷഹറിൽ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ബഹൈച്ചിലും പൊലീസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. ഫിറോസാബാദിൽ വ്യാപക അക്രമം നടന്നു. ബസുകൾ ഉൾപ്പടെ വാഹനങ്ങൾ കത്തിച്ചു. ഹാപൂരിലും പ്രതിഷേധം അക്രമാസക്തായി. പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവച്ചു. കണ്ണീർവാതരം പ്രയോഗിച്ചു. പലയിടത്തും പൊലീസ് വാഹനങ്ങൾ കത്തിച്ചു. ഗാസിയാബാദിൽ ഏറെ നേരം നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് പ്രകടനക്കാർ പിരിഞ്ഞുപോയത്
ലക്നൗവിൽ മാത്രം 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലാകെ 180 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാജ്വാദി പാർട്ടിയുടെ എംപി ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തു. 10 നഗരങ്ങളിൽ ഇൻറർനെറ്റ് നിയന്ത്രണം തുടരുന്നു. പ്രതിപക്ഷം അക്രമം അഴിച്ചു വിടുന്നു എന്ന് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ആരോപിച്ചു. ആഭ്യന്തരമന്ത്രാലയം വീണ്ടും യുപിയിലെ സ്ഥിതി വിലയിരുത്തി. നേതാക്കൾക്കെതിരെ കേസെടുത്ത് പ്രതിഷേധം അടിച്ചമർത്താൻ ശ്രമമെന്ന് സമാജി വാദി പാർട്ടി ആരോപിച്ചു.
അസമിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇൻറർനെറ്റ് പുനസ്ഥാപിച്ചു. നാളെ ബീഹാറിൽ ആർജെഡി ബന്ദിന് ആഹ്വാനം നല്കിയിട്ടുണ്ട്. ഗുജറാത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ 50 കസ്റ്റഡിയിൽ എടുത്തു. 5000 പേർക്കെതിരെ കേസെടുത്തു. കർശന നടപടിക്ക് പൊലീസിന് ഗുജറാത്ത് സർക്കാർ നിർദ്ദേശം നല്കി. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ട്രെയിനിന് നേരെ കല്ലേറ് നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam