'ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബം​ഗാളിൽ തടങ്കൽ പാളയങ്ങൾ അനുവദിക്കില്ല, പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ല': മമത ബാനർജി

By Web TeamFirst Published Dec 27, 2019, 9:37 PM IST
Highlights

''ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ബം​ഗാളിൽ പൗരത്വനിയമ ഭേദ​ഗതി നടപ്പിലാക്കാൻ സമ്മതിക്കില്ല. രാജ്യം വിട്ടോ സംസ്ഥാനം വിട്ടോ ഒരാൾക്ക് പോലും പോകേണ്ടി വരില്ല. ബം​ഗാളിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ല.'' മമത ബാനർജി വ്യക്തമാക്കി.

കൊല്‍ക്കത്ത: താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ പൗരത്വ നിയമ ഭേദ​ഗതി നടപ്പിൽ വരാൻ അനുവദിക്കില്ലെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വം പോലെയുള്ള അവകാശങ്ങൾ തട്ടിയെടുക്കാന്‍ ആർക്കും കഴിയില്ലെന്നും മമത പറഞ്ഞു. പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ  പോരാട്ടം തുടരുമെന്നും മമത കൂട്ടിച്ചേർത്തു.

''ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ബം​ഗാളിൽ പൗരത്വനിയമ ഭേദ​ഗതി നടപ്പിലാക്കാൻ സമ്മതിക്കില്ല. രാജ്യം വിട്ടോ സംസ്ഥാനം വിട്ടോ ഒരാൾക്ക് പോലും പോകേണ്ടി വരില്ല. ബം​ഗാളിൽ തടങ്കൽ പാളയങ്ങൾ ഉണ്ടാകില്ല. മമത ബാനർജി വ്യക്തമാക്കി.'' പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. പതിനെട്ട് വയസ്സ് പൂർത്തിയായാൽ വോട്ട് രേഖപ്പെടുത്തി സർക്കാരിനെ തെരഞ്ഞെടുക്കാൻ കഴിയും. എന്നാൽ പ്രതിഷേധിക്കാൻ അവകാശമില്ലാത്തത് എന്തുകൊണ്ടാണെന്നും മമത പ്രസം​ഗമധ്യേ ചോദിച്ചു. 

''ഇത്തരത്തിൽ ക്രൂരമായ ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലാത്തത് എന്തുകൊണ്ടാണ്? പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ പൊലീസ് നടപടിയെടുക്കുകയും അവരുടെ യൂണിവേഴ്സിറ്റികളിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. മമത കുറ്റപ്പെടുത്തി.. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദ​ഗതിക്കും എതിരെ ബം​ഗാളിൽ വൻപ്രതിഷേധമാണ് മുഖ്യമന്ത്രി മമത ബാനർ‌ജി സംഘടിപ്പിച്ചിരിക്കുന്നത്. തടങ്കൽ പാളയങ്ങളെ സംബന്ധിച്ച് ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഉണ്ടായ വാ​ഗ്വാദത്തിന് മറുപടി പറയുകയായിരുന്നു മമത.

ആസ്സാമിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന തടങ്കൽ കേന്ദ്രത്തിന്റെ ചിത്രങ്ങളടക്കം കോൺ​ഗ്രസ് പ്രസിഡന്റ് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇത് പാടെ നിഷേധിച്ചിരുന്നു. പൗരത്വപ്പട്ടികയിൽ നിന്ന് പുറത്താവുന്നവർക്കായി രാജ്യത്ത് എവിടെയും തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ രജിസ്റ്റർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മമത ബാനർജി. 

click me!