
ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയിൽ രണ്ട് ശതമാനം വർധനവ് വരുത്താൻ തീരുമാനം. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ടു തവണ പരിഷ്കരിക്കേണ്ട ഡിഎ, തൊഴിൽ വകുപ്പ് പുറത്തുവിടുന്ന ഉപഭോക്തൃ വില സൂചിക മാനദണ്ഡമാക്കിയാണ് കണക്കാക്കുന്നത്. സാധാരണഗതിയിൽ സെപ്റ്റംബർ അവസാനത്തോടെ പ്രഖ്യാപിക്കാറുള്ള ഈ വർധനവ് ഇത്തവണ വൈകിയതിൽ ജീവനക്കാരുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തോടെ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാകും.
രാജ്യത്തെ കപ്പൽ വ്യവസായത്തിന് കരുത്തേകുന്നതിനായി 13,000 കോടി രൂപയുടെ 'സോവറിൻ മാരിടൈം ഫണ്ട്' രൂപീകരിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്കും ഇന്ത്യയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന കപ്പലുകൾക്കും കുറഞ്ഞ നിരക്കിൽ സുസ്ഥിരമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. സമുദ്ര വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കും.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതി 2028 വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 3,000 കോടി രൂപയുടെ അധിക വിഹിതവും അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും സമയബന്ധിതമായി പൂർത്തിയാക്കുന്നതിലൂടെ ഉൾനാടൻ മേഖലകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഇത് വഴിയൊരുക്കും.
വനിതാ സംവരണ ബില്ലിനെ എതിർത്ത പ്രതിപക്ഷ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. ബില്ലിനെ പിന്തുണയ്ക്കാതിരുന്നതിലൂടെ പ്രതിപക്ഷം ചരിത്രപരമായ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതം വരുംകാലങ്ങളിൽ അവർ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലപാട് സ്ത്രീകൾക്കെതിരെയുള്ള നിഷേധാത്മക മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും ഈ സന്ദേശം രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും എത്തിക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam