സിദ്ധാർത്ഥയ്ക്ക് 7000 കോടിയുടെ കടം: ദ്രോഹിച്ചെന്ന ആരോപണം നിഷേധിച്ച് ആദായ നികുതി വകുപ്പ്

By Web TeamFirst Published Jul 30, 2019, 6:09 PM IST
Highlights

കഫേ കോഫി ഡേയിലെ ജീവനക്കാർക്കായി സിദ്ധാർത്ഥ എഴുതിയ സന്ദേശമെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമല്ലെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. 

ബെംഗളുരു: തന്നെ ആദായനികുതി വകുപ്പ് വേട്ടയാടിയെന്ന കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാർത്ഥയുടെ ആരോപണം തള്ളി ആദായനികുതി വകുപ്പ്. സിദ്ധാർത്ഥയ്ക്ക് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും, എല്ലാ നടപടികളും നിയമപ്രകാരം മാത്രമാണ് സ്വീകരിച്ചതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു. കഫേ കോഫി ഡേയിലെ ജീവനക്കാർക്കായി സിദ്ധാർത്ഥ എഴുതിയ സന്ദേശമെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമല്ലെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാലിത് ആദായ നികുതി വകുപ്പ് തള്ളുന്നു. കത്തിന്‍റെ ആധികാരികതയിൽ സംശയമുണ്ടെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സിദ്ധാർഥയിലേക്ക് അന്വേഷണം എത്തിയത് കർണാടകത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്‍റെ വീട്ടിൽ നടന്ന റെയ്‍ഡിനെത്തുടർന്നാണെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. 480 കോടിയോളം കണക്കിൽ പെടാത്ത വരുമാനം ഉണ്ടാക്കിയെന്ന് സിദ്ധാർഥ സമ്മതിച്ചിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ഓഹരി വ്യാപാരം തടസ്സപ്പെടുത്തിയതിനാൽ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത നിലയിലാണെന്ന് സിദ്ധാർത്ഥ ജീവനക്കാർക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഓഹരി ഇടപാട് തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഉപാധികൾ വച്ച് ഇടപാടുകൾക്ക് അനുമതി നൽകിയിരുന്നതായും ആദായ നികുതി വകുപ്പിന്‍റെ വാർത്താക്കുറിപ്പ് വിശദീകരിക്കുന്നു.

മാനേജ്‍മെന്‍റ് ബോർഡ് യോഗം വിളിച്ചു

സിദ്ധാർത്ഥയെ കാണാതായ സാഹചര്യത്തിൽ കഫേ കോഫി ഡേയുടെ മാനേജ്‍മെന്‍റ് ബോർഡ് അടിയന്തരയോഗം വിളിച്ചു. നിലവിലുണ്ടായ സാഹചര്യത്തിൽ ബോ‍ർഡ് നടുക്കം രേഖപ്പെടുത്തി. സിദ്ധാർത്ഥ ഒപ്പിട്ടതെന്ന് പറയുന്ന കത്തിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള മൈൻഡ് ട്രീ എന്ന കമ്പനിയുടെ ഷെയറുകൾ ആദായനികുതി വകുപ്പ് നോട്ടീസില്ലാതെ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സിദ്ധാർത്ഥയുടെ കീഴിലുള്ള മൈൻഡ് ട്രീ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തിയിരുന്നു. ഇതേത്തുടർന്നായിരുന്നു നടപടി. 

കാർ നിർത്തി മറഞ്ഞതെവിടേക്ക്?

പ്രശസ്തമായ റസ്റ്റോറന്‍റ് ശൃംഖല കഫേ കോഫി ഡേയുടെ സ്ഥാപകനും, മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകനുമായ സിദ്ധാർത്ഥയെ തിങ്കളാഴ്ച രാത്രിയാണ് കാണാതായത്. മംഗലാപുരത്തെ നേത്രാവതിപ്പുഴയുടെ അടുത്ത് കാർ നിർത്താനാവശ്യപ്പെട്ട് സിദ്ധാർത്ഥ ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ്  ഡ്രൈവറുടെ മൊഴി. ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീൻപിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. 

ഇതേത്തുടർന്ന് പുഴയിൽ രാവിലെ മുതൽ പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. ഇന്നലെ പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ നേത്രാവതിപ്പുഴയിൽ കനത്ത അടിയൊഴുക്കുണ്ട്. ഇത് രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തുന്നുണ്ട്. തെരച്ചിലിന് കർണാടക സർക്കാർ കേന്ദ്രസഹായം തേടിയിട്ടുണ്ട്. കേരള കോസ്റ്റൽ ഗാർഡ് പൊലീസും രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നുണ്ട്. തീരമേഖലകളിലായി കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുന്നുമുണ്ട്. 

''ഇതുവരെ പോരാടി, ഇനി വയ്യ'' - വി ജി സിദ്ധാർത്ഥയുടെ കത്ത്

37 വർഷത്തെ അധ്വാനം. സിസിഡി വഴി 30,000 തൊഴിലവസരങ്ങൾ, ടെക്നോളജി രംഗത്ത് 20,000 തൊഴിലവസരങ്ങൾ. അത്യധ്വാനം കൊണ്ട് ഇത്രയധികം നേടാനായെങ്കിലും, എന്‍റെ ബിസിനസ് മോഡൽ ലാഭകരമാക്കാൻ എനിക്ക് കഴിഞ്ഞില്ല.

ഞാൻ എല്ലാം ഉപേക്ഷിക്കുകയാണ്. എന്നിൽ വിശ്വസിച്ചിരുന്ന എല്ലാവരോടും എനിക്ക് മാപ്പല്ലാതെ മറ്റൊന്നും ചോദിക്കാനില്ല. ഏറെക്കാലം പോരാടി. ഇനി വയ്യ. മതിയായി. സുഹൃത്തിന്‍റെ കയ്യിൽ നിന്ന് വൻ തുക കടം വാങ്ങി ഞാൻ നടത്തിയ ഒരു ഇടപാടിലെ പങ്കാളിയായ സ്വകാര്യ ഇക്വിറ്റി കമ്പനി എന്നോട് എന്‍റെ സ്വന്തം ഷെയറുകൾ തിരിച്ചു വാങ്ങാൻ നി‍ർബന്ധിക്കുകയാണ്. സമാനമായ ആവശ്യം മറ്റ് ബിസിനസ് ഇടപാടുകാരും ഉന്നയിക്കുന്നു. ഈ സമ്മർദ്ദം ഇനിയെനിക്ക് താങ്ങാൻ വയ്യ. 

ആദായനികുതി വകുപ്പ് അന്യായമായ നിരവധി നടപടികളാണെടുത്തത്. എന്നെ അക്ഷരാർത്ഥത്തിൽ പീഡിപ്പിച്ചു. ആദായനികുതി റിട്ടേണുകൾ തിരുത്തി സമർപ്പിച്ചിട്ടും നടപടികൾ ഐടി വകുപ്പ് പിൻവലിച്ചില്ല. 

പുതിയ മാനേജ്‍മെന്‍റ് വഴി മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടുകൊണ്ടുപോകണം. എല്ലാ ബിസിനസ് ഇടപാടുകളും എന്‍റെ മാത്രം ഉത്തരവാദിത്തമായിരുന്നു. നിയമം ഇതിന് എന്‍റെ മേൽ മാത്രം പഴി ചാരിയാൽ മതി. എന്നെങ്കിലും നിങ്ങളെല്ലാം എന്‍റെ സ്ഥിതി തിരിച്ചറിയുമെന്നും മാപ്പ് നൽകുമെന്നും കരുതട്ടെ. 

എന്‍റെ സ്വത്തുക്കളുടെയും കടങ്ങളുടെയും പട്ടിക താഴെക്കൊടുക്കുന്നു. സ്വത്തുക്കളുടെ മൊത്തം വില കടങ്ങളേക്കാൾ കൂടുതലാണ്. ഇതെല്ലാം വിറ്റാൽ നിങ്ങൾക്ക് കടം വീട്ടാനാകും. 

സ്നേഹത്തോടെ, 

വി ജി സിദ്ധാർത്ഥ.

click me!