
കൊല്‍ക്കത്ത: വിഐപി ആണെന്ന് കരുതി കൊവിഡ് 19 പരിശോധനയിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 ബാധ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിയുടെ 18കാരനായ മകനാണ് കൊറോണ സ്ഥിരീകരിച്ചത്. നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇവരിൽ നിന്നുണ്ടായതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് ഐ.എ.എസ് ഓഫീസറുടെ മകൻ ബ്രിട്ടനിൽ നിന്ന് മടങ്ങിവന്നത്. കൊറോണ സ്ഥിരീകരിക്കുന്നതിന് മുന്‍പ് വീട്ടുകാരുള്‍പ്പെടെ നിരവധി പേരുമായി ഇയാൾ ഇടപഴകിയിരുന്നു. യുവാവിന്റെ അമ്മയായ ഐ.എ.എസ് ഓഫീസര്‍ ബംഗാള്‍ സെക്രട്ടേറിയറ്റില്‍ ജോലിക്കും എത്തിയിരുന്നു. നിങ്ങള്‍ വി.ഐ.പി ആണെന്നത് കൊറോണ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിന് ഒരുകാരണമല്ല. വിദേശത്ത് നിന്ന് വരുന്നവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രോഗത്തെയല്ല. വിദേശത്ത് നിന്ന് വന്ന ശേഷം പരിശോധനകള്‍ ഒന്നും നടത്താതെ ഷോപ്പിംഗ് മാളുകളില്‍ പോകാനാകില്ലെന്നും മമത ബാനർജി വ്യക്തമാക്കി. ഇംഗ്ലണ്ടിലെ പ്രമുഖ സർവ്വകലാശാലയിലാണ് ഇയാൾ പഠിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam