
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ചു ബിജെപി. എൻസിപി സ്ഥാനാർത്ഥി നിലേഷ് ലങ്കെ തന്നെപോലെ ഇംഗ്ളീഷിലോ ഹിന്ദിയിലോ സംസാരിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. എന്നാൽ ജനപ്രതിനിധിക്ക് സാധാരണക്കാരന്റെ ഭാഷയറിഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷ സഖ്യത്തിന്റെ മറുപടി.
ഭാഷ എന്നും രാഷ്ട്രീയ ആയുധമാണ് മഹാരാഷ്ട്രയിൽ. ഭാഷയുടെയും പ്രാദേശിക വാദത്തിന്റെയും പിൻബലത്തിൽ വളർന്ന പാർട്ടികളേറെയുളള സംസ്ഥാനം. എന്നാൽ എതിർ സ്ഥാനാർത്ഥിയുടെ ബഹുഭാഷ പരിജ്ഞാനമില്ലായ്മയെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കുകയാണ് അഹമ്മദ് നഗറിലെ ബിജെപി സ്ഥാനാർത്ഥി. തന്റെ പാർലമെന്റ് പ്രസംഗം കാണിച്ചായിരുന്നു സുജയ് പാട്ടീലിന്റെ വെല്ലുവിളി.
പിന്നാലെ ബിജെപി നേതാവിന്റെ ഭാഷാ വാദം പ്രതിപക്ഷം ഏറ്റെടുത്തു. ഭാഷയോ വിദ്യാഭ്യാസ യോഗ്യതയോ അല്ല നല്ല നേതാവിനെ സൃഷ്ടിക്കുന്നതെന്നും സാധാരണക്കാരന്റെ ഭാഷയറിയുന്നവനാണ് ജനപ്രതിനിധിയാവേണ്ടതെന്നും എൻസിപി നേതാവ് രോഹിത് പവാർ തിരിച്ചടിച്ചു. ഒപ്പം പ്രധാനമന്ത്രിയെ ഉന്നം വച്ചും മറുപടിയെത്തി. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ബിജെപിയുടെ പരമോന്നത നേതാവിനോട് ചോദിക്കരുതെന്നായിരുന്നു പരിഹാസം. 2019 ൽ കോണ്‍ഗ്രസ് വിട്ട സുജയ് വിഖെ പാട്ടീൽ ബിജെപി ടിക്കറ്റിൽ വൻ ഭൂരിപക്ഷത്തിലാണ് അഹമ്മദ് നഗറിൽ നിന്നും ജയിച്ചുകയറിയത്. മണ്ഡലം തിരിച്ചു പിടിക്കാൻ എൻസിപി അജിത്ത് പവാർ വിഭാഗത്തിൽ നിന്നും നിലേഷ് ലങ്കെയെ മറുകണ്ടം ചാടിച്ചാണ് ശരദ് പവാർ വിഭാഗത്തിന്റെ പോരാട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam