
ദില്ലി: നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി. ആയിരം കിലോമീറ്ററിലേറെ അകലെയാണ് പല വിദ്യാർഥികൾക്കും കേന്ദ്രങ്ങൾ അനുവദിച്ചത്. ഓഗസ്റ്റ് 11നാണ് പരീക്ഷ. പലർക്കും ഒപ്ഷൻ നൽകാത്ത കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നതെന്നും ആരോപണമുയർന്നു. കേരളത്തിലെ വിദ്യാർഥികൾക്ക് ആന്ധ്രയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികൾ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തിൽ നിന്ന് മാത്രം 25000ത്തോളം പേർ പരീക്ഷയെഴുതുന്നു.
പരീക്ഷ എഴുതേണ്ട നഗരത്തിന്റെ പേര് മാത്രമേ ഇപ്പോൾ അറിയിച്ചിട്ടുള്ളൂ. കൃത്യമായ കേന്ദ്രം എട്ടിനാണ് അറിയിക്കുക. പരീക്ഷ പ്രമാണിച്ച് മിക്ക നഗരങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ട്രെയിൻ ടിക്കറ്റുകളും ബുക്കിങ് അവസാനിക്കാറായി. വലിയ സാമ്പത്തിക ചെലവും സമയ നഷ്ടവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ വിദൂരത്തിലാകുന്നതിനാൽ ഉണ്ടാകുന്നതെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു.
Read more... നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ച ആവര്‍ത്തിക്കരുത്, ദേശിയ പരീക്ഷഏജന്‍സിക്ക് സുപ്രീംകോടതി മുന്നറിയിപ്പ്
അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഒപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അപേക്ഷിക്കുമ്പോൾ കേരളത്തിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാര്‍ കാരണം മിക്കവരും ആന്ധ്ര തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും പരീക്ഷാർഥികൾ പറയുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്നതാണ് രീതിയെന്നാണ് എൻബിഇയുടെ വിശദീകരണം.