
ആഗ്ര: ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ ചത്തനിലയിൽ. കാസ്ഗഞ്ച് ജില്ലയിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഗോശാലക്ക് പുറത്താണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാർ ആരോപിച്ചു. ചത്ത പശുവിനെ ട്രാക്ടറിൽ കെട്ടി വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. ഗോശാലയിൽ പാർപ്പിച്ച പശുക്കൾക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങൾക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഗ്രാമവാസികൾ പത്തോളം പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പശുക്കൾ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാരൻ ആരോപിച്ചു.
ഗോശാലക്ക് സമീപത്തെ വയലിൽ പശുക്കളുടെ ജഡങ്ങൾ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുയർന്നു. സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു. അതേസമയം, ആരോപണത്തെ എതിർത്ത് ജില്ലാ മൃഗസംരക്ഷണ ഓഫീസർ മനോജ് കുമാർ അഗർവാൾ രംഗത്തെത്തി. വീഡിയോകളിൽ കാണുന്നതല്ല യാഥാർഥമല്ലെന്നും രോഗം ബാധിച്ച് ഒരു പശു ചത്തു. ചൊവ്വാഴ്ച വാക്സിനേഷന് ശേഷം ചില പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഉടൻ ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഗോശാലയിലെ മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഹർഷിത മാത്തൂർ പറഞ്ഞു. പാർപ്പിച്ച പശുക്കളുടെ രേഖകൾ, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും, സംഭവമിങ്ങനെ....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam