
ദില്ലി: മകന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ദില്ലിയിലെ ദ്വാരക മേഖലയിലാണ് ഒരു കുടുംബത്തിന്‍റെ ആഘോഷങ്ങളെയൊന്നാകെ നിമിഷ നേരം കൊണ്ട് തീരാ ദുഖത്തിലാഴ്ത്തിയ അപകടം നടന്നത്. ഭാരത് വിഹാറിൽ താമസിക്കുന്ന ലഖൻ (37) ഇദ്ദേഹത്തിന്‍റെ സഹോദരി ഫൂല(30), ഫുലയുടെ മകള്‍ ദീക്ഷ (10) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കി ഒരു എസ് യുവി കാർ അമിത വേഗതയിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.
ലഖന്‍റെ വീട്ടിൽ വെച്ച് നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സഹോദരിയും കുടുംബവും. ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ഇവർ തയ്യാറെടുത്തു. ഓട്ടോറിക്ഷ വിളിച്ച് പോകാമെന്ന് സഹോദരി പറഞ്ഞപ്പോള്‍ രാത്രി ആയതിനാൽ താൻ ബൈക്കിൽ വീട്ടിലാക്കാമെന്ന് ലഖൻ പറഞ്ഞു. തുടർന്ന് ബൈക്കിൽ ഇവരുമായി ഭാരത് വിഹാറിൽ നിന്ന് സെക്ടർ 17-ലേക്കവേയാണ് ദാരുണമായ അപകടം സംഭവിച്ചത്.
റെഡ് സിഗ്നൽ കണ്ട് ബൈക്ക് നിർത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പിന്നിൽ നിന്നും അമിത വേഗതയിലെത്തിയ എസ് യു വി കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദ്വാരക ഡിസിപി എം ഹർഷ വർധൻ പറഞ്ഞു. അപകടത്തിൽ മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ലഖന്‍റെ ഭാര്യാ സഹോദരൻ മാതേ (32)ക്കും പരിക്ക് പറ്റി.
'പിറകിൽ ഒരു വാഹനം വന്നിടിക്കുന്ന ശബ്ദം കേട്ടു, തെറിച്ച് റോഡിൽ വീണ ഉടനെ ബോധരഹിതനായി. പിന്നീട് അറിയുന്നത് ലഖന്‍റെയും സഹോദരിയുടെയും മര വാർത്തയാണ്. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു'- മാതെ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരി ദീക്ഷ കഴിഞ്ഞ ദിവസം വൈകിട്ടാണ് മരിച്ചത്. സംഭവത്തിൽ അപകടമുണ്ടാക്കിയ എസ്‌യുവി ഡ്രൈവർ ഗോപാൽ നഗർ സ്വദേശി അബ്രാറിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More : പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി കാട്ടുപന്നി, പൂട്ടിയിട്ട് നാട്ടുകാർ; ഷൂട്ടറെത്തി വെടിവെച്ച് കൊന്നു
Read More : 'പായസത്തിന് രുചി പോര, ചോറ് തീരും മുമ്പ് വിളമ്പി'; വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം എറിഞ്ഞു, കൂട്ടത്തല്ല്