
ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ടിവികെ സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്‍റെ പരാതിയിലാണ് കേസ്. ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാർ ഇന്നലെ പേരാമ്പലൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.
ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം. വിജയ് നടന്നു വരുമ്പോൾ ശരത്കുമാർ റാമ്പിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ബൗൺസർമാർ ഇടപെട്ടത്. ശരത് കുമാറിനെ റാംപിൽ നിന്ന് തൂക്കി എറിഞ്ഞു. തുടർന്ന് അഞ്ചാം ദിവസമാണ് ശരത് കുമാർ പരാതി നൽകിയത്. തുടർന്നാണ് കേസെടുത്തത്. വേദിയുടെ മധ്യത്തിൽ നിർമിച്ച 300 മീറ്റർ റാംപിലൂടെ നടന്ന് എത്തിയാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്‌തത്.
ലക്ഷ്യം 2026ലെ തെരഞ്ഞെടുപ്പ്, ശക്തിപ്രകടനമായി സമ്മേളനം
തമിഴക വെട്രി കഴകത്തിന്‍റെ രണ്ടാം സംസ്ഥാന സമ്മേളനമാണ് മധുരയിൽ നടന്നത്. താൻ ഏതു മണ്ഡലത്തിൽ മത്സരിക്കുമെന്ന് വിജയ് വ്യക്തമാക്കിയില്ലെങ്കിലും മധുരയായിരിക്കും തട്ടകമെന്ന സൂചന വിജയുടെ പ്രസംഗത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും കടന്നാക്രമിച്ചായിരുന്നു വിജയുടെ പ്രസംഗം. തമിഴ്നാട്ടിൽ ക്രമസമാധാനവും സ്ത്രീകൾക്ക് സുരക്ഷയുമുണ്ടോയെന്ന് വിജയ് ചോദിച്ചു. നീറ്റ് പരീക്ഷ, ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ മത്സ്യത്തൊഴിലാളികളുടെ മോചനം എന്നിവ ഉന്നയിച്ചാണ് പ്രധാനമന്ത്രിയെ വിമർശിച്ചത്. 1967ലും 1977ലും സംഭവിച്ചതു പോലെ, 2026ലും തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്ന് വിജയ് പറഞ്ഞു. മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞു.
"എല്ലാ തമിഴ്‌നാട്ടുകാരും എനിക്ക് രക്തബന്ധമുള്ളവരാണ്. തമിഴ്‌നാട്ടിലെ ഓരോ കുട്ടിയുടെയും അമ്മാവനാണ് ഞാൻ. ജനങ്ങളെയാണ് ഞാൻ ആരാധിക്കുന്നത്. നിങ്ങൾക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത്.'' -വിജയ് പറഞ്ഞു.
സമ്മേളനത്തിനായി തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ തലേദിവസം തന്നെ മധുരയിലെത്തിയിരുന്നു. സമ്മേളനം വൈകുന്നേരമായിരുന്നെങ്കിലും രാവിലെ തന്നെ മൈതാനം നിറഞ്ഞു കവിഞ്ഞു. നിരവധി പേർ തളർന്നുവീണു. ഗർഭിണികളും കുട്ടികളും സമ്മേളനത്തിൽ വരരുതെന്ന് നിർദേശം നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam