ഉദ്ദവ് താക്കറെയ്‍ക്കെതിരായ പരാമര്‍ശം; നടി കങ്കണയ്‍ക്കെതിരെ കേസ്

By Web TeamFirst Published Sep 10, 2020, 3:44 PM IST
Highlights

 ഇന്ന് എന്‍റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. ഇതിന് പിന്നാലെയാണ് വിക്രോളി പൊലീസ് സ്റ്റേഷനില്‍ കേസ് എടുത്തത്. 

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്ക്കെതിരെ കേസ്. വിക്രോളി പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. മുംബൈയിലെ തന്‍റെ ഓഫീസ് പൊളിച്ച സംഭവത്തിൽ ഉദ്ദവ് താക്കറെയെ ട്വിറ്ററിലൂടെ കങ്കണ വെല്ലുവിളിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് എന്‍റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരുമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. 

മുംബൈ നഗരത്തെ പാക് അധീന കശ്‍മീരിനോട് ഉപമിച്ചതിന്‍റെ പേരിൽ പ്രതിഷേധങ്ങൾ നേരിടുന്ന കങ്കണ ഇന്നലെ മുംബൈയിൽ തിരിച്ചെത്തിയിരുന്നു. വിമാനത്താവളത്തിലെത്തിയ പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ചാണ് സുരക്ഷാ കമാൻഡോകൾ കങ്കണയെ വീട്ടിലെത്തിച്ചത്.  മൊഹാലിയിൽ നിന്ന് മൂന്ന് മണിയോടെ മുംബൈയിൽ പറന്നിറങ്ങിയ കങ്കണയെ പ്രധാന ഗേറ്റ് ഒഴിവാക്കി സുരക്ഷാ കമാൻഡോകൾ പുറത്തെത്തിക്കുകയായിരുന്നു. പാലി ഹില്ലിൽ രാവിലെ മുംബൈ കോർപ്പറേഷൻ പൊളിച്ച ഓഫീസ് കെട്ടിടത്തിലേക്ക് പോയ കങ്കണ അവിടുത്തെ ദൃശ്യങ്ങൾക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിച്ച് വീഡിയോ സന്ദേശവും ട്വീറ്റ് ചെയ്‍തത്. 

അനുവദിച്ച പ്ലാനിന് അപ്പുറം നിർമ്മാണങ്ങൾ നടത്തിയെന്ന് കാണിച്ചാണ് മുംബൈ കോർപ്പറേഷൻ കങ്കണയുടെ മണികർണിക ഫിലിംസിന്‍റെ ഓഫീസ് കെട്ടിടത്തിന്‍റെ ഭാഗങ്ങൾ പൊളിച്ചത്. 24 മണിക്കൂർ സാവകാശം നൽകിയിട്ടും അനുമതി രേഖകൾ കങ്കണയ്ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോർപ്പറേഷൻ വിശദീകരിക്കുന്നു. പൊളിക്കൽ നടപടികൾക്കെതിരെ കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയെങ്കിലും അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ ഭൂരിഭാഗവും അപ്പോഴേക്കും പൊളിച്ചിരുന്നു.

click me!