
കവരത്തി: ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപിൽ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.
വിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടങ്ങളിലേക്കും കടക്കും. ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും. ലക്ഷദ്വീപിൽ നടക്കുന്ന ഡയറി ഫാം ലേലങ്ങൾ ബഹിഷ്ക്കരിക്കാനാണ് ആഹ്വാനം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
ഇതിനിടെ ലക്ഷദ്വീപിലെ കപ്പൽ സർവ്വീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി. അടിയന്തര ചികിത്സ ആവശ്യങ്ങൾക്കായി രണ്ട് എയർ ആംബുലൻസുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സർവിസ് നടത്താൻ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ.
ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപറേഷന്‍റെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഫിഷറിസ് വകുപ്പിന് പിന്നാലെ മറ്റ് മേഖലകളിലും കൂട്ട സ്ഥലം മാറ്റം ഉണ്ടാകുമെന്നാണ് വിവരം. ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി 5000 കേന്ദ്രങ്ങളിൽ വൈകിട്ട് പ്രതിഷേധ ജ്വാല തെളിയിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam