പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബീഹാര്‍ കോടതിയില്‍ കേസ്

By Web TeamFirst Published Sep 28, 2019, 8:13 PM IST
Highlights
  • ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി
  • സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്

മുസാഫര്‍പുര്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലാ കോടതിയില്‍ കേസ്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് ഇമ്രാന്‍ ഖാനെതിരെ ചീഫ് ജുഡീഷ്വല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഐക്യരാഷ്ട്ര സഭയില്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് ഓജ കേസ് നല്‍കിയിരിക്കുന്നത്.

ഒപ്പം ഇന്ത്യക്കെതിരെ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഇമ്രാന്‍ ഖാനെതിരെ എഫ്ഐആര്‍ തയാറാക്കാന്‍ ഉത്തരവിടണമെന്നും ഓജ കോടതിയില്‍ ആവശ്യപ്പെട്ടു. നേരത്തെ, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിത്തെ ആസ്പദമാക്കി നിർമ്മിച്ച  'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെയും ഇതേ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു.

ജനങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന നടത്തുക എന്നിവ കാണിച്ച് സുധീര്‍ കുമാര്‍ ഓജ നൽകിയ ഹർജിയിൽ അന്ന് അഭിനേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. 

click me!