ചെന്നൈ: തമിഴകത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഇരുവരെയും ബന്ധുക്കൾ വെട്ടിവീഴ്ത്തിയത്. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് ജാതിവിഭാഗങ്ങളിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.
അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ് ശരണ്യയും മോഹനും.
തങ്ങളുടെ പ്രണയം സ്വന്തം വീട്ടിൽ പറഞ്ഞപ്പോൾ ശരണ്യയുടെ വീട്ടുകാർ കടുത്ത രീതിയിൽത്തന്നെ ഇവരുടെ വിവാഹത്തെ എതിർത്തു. സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9-നായിരുന്നു ചെന്നൈയിൽ വെച്ച് ഇരുവരും വിവാഹിതരായത്.
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാൻ ശരണ്യയോട് അഭ്യർത്ഥിച്ചു. ചോളപുരത്തെ സ്വന്തം വീട്ടിൽത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേൽ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് ഇന്നലെ എത്തിയ ഇരുവരും വീട്ടുവളപ്പിലേക്ക് കാൽകുത്തിയതും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹന്‍റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്‍റെ ബന്ധുക്കൾക്ക് വിട്ട് നൽകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam