
അമരാവതി: ക്രിസ്തുമതത്തിൽ ജാതിവ്യവസ്ഥ ഇല്ലെന്നും അതിലേക്ക് മതം മാറുന്നവർക്ക് എസ്‌സി, എസ്ടി സംരക്ഷണ നിയമത്തിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയില്ലെന്നും ആന്ധ്ര പ്രദേശ് ഹൈക്കോടതി. മതം മാറി പാസ്റ്ററായ ഗുണ്ടൂർ സ്വദേശിയായ ചിന്താട ആനന്ദ്, അക്കാല റാമി റെഡ്ഡി എന്നയാൾക്കെതിരെ എസ്‌സി- എസ്ടി നിയമ പ്രകാരം നൽകിയ കേസിൽ വാദം കേൾക്കുമ്പോഴാണ് കോടതിയുടെ പരാമർശം. റാമിറെഡ്ഡിക്കെതിരെ എസ്‌സി- എസ്ടി നിയമ പ്രകാരം ചുമത്തിയ കുറ്റങ്ങൾ ജസ്റ്റിസ് ഹരിനാഥ് എൻ റദ്ദാക്കുകയും ചെയ്തു.
റാമി റെഡ്ഡിയടക്കമുള്ളവർ ജാതിയുടെ പേരിൽ വിവേചനം കാണിക്കുന്നു എന്നായിരുന്നു പാസ്റ്ററുടെ ആരോപണം. എന്നാൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും മതാചാര പ്രകാരം ജീവിക്കുകയും ചെയ്യുന്ന ഒരാൾക്ക് പട്ടികജാതി അംഗമായി തുടരാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വ്യവസ്ഥകൾ ഈ കേസിൽ ഉൾപ്പെടുത്താനാവില്ലെന്നും കോടതി വിശദീകരിച്ചു.
2021ൽ ചന്ദോളു പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, പരാതിക്കാരൻ ക്രിസ്തുമതം സ്വീകരിച്ചതാണെന്നും അതിനാൽ പട്ടികജാതി സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും പ്രതി വാദിച്ചു. ഹിന്ദുമതം ഒഴികെയുള്ള മറ്റേതെങ്കിലും മതത്തിലേക്ക് പരിവർത്തനം ചെയ്താൽ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന നേരത്തെയുള്ള ഉത്തരവ് പ്രതി കോടതിയിൽ ഉദ്ധരിച്ചു.
എന്നാൽ തനിക്ക് പട്ടികജാതി സർട്ടിഫിക്കറ്റ് ഇപ്പോഴും ഉണ്ടെന്ന് പരാതിക്കാരൻ വാദിച്ചു. പക്ഷേ ക്രിസ്തുമതം സ്വീകരിച്ച ദിവസം മുതൽ പട്ടികജാതി വിഭാഗത്തിലെ അംഗമല്ലാതായി മാറി എന്നാണ് കോടതിയുടെ വിശദീകരണം. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനായി കൊണ്ടുവന്ന നിയമമാണ് എസ്‌സി- എസ്ടി നിയമം. എന്നാൽ പരാതിക്കാരൻ സ്വമേധയാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്‌തുവെന്നും കഴിഞ്ഞ 10 വർഷമായി പള്ളിയിൽ പാസ്റ്ററായി പ്രവർത്തിക്കുന്നു എന്നുമാണ് പറഞ്ഞത്. അതിനാൽ എസ്‍സി എസ്ടി നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്ന് പറഞ്ഞ് കോടതി കേസ് റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam