
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലഞ്ഞു തിരിയുന്ന പശുക്കളെ ദത്തെടുക്കുന്ന പദ്ധതിക്ക് പ്രതീക്ഷിച്ച പ്രതികരണമില്ലെന്ന് റിപ്പോര്‍ട്ട്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായിരുന്നു ഇത്. അലഞ്ഞു തിരിയുന്ന പശുവിനെ ദത്തെടുത്താല്‍ പ്രതിമാസം 900 രൂപ നല്‍കുന്നതായിരുന്നു പദ്ധതി. തൊഴിലില്ലായ്മ പരിഹാരവും പദ്ധതി ലക്ഷ്യമിട്ടിരുന്നു.
എന്നാല്‍, പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പശുക്കളെ ദത്തെടുക്കാന്‍ പ്രതീക്ഷിച്ചയത്രയും ആളുകള്‍ മുന്നോട്ടുവരുന്നില്ല. സാമ്പത്തികമായി ലാഭമല്ല എന്നതാണ് ആളുകളുടെ താല്‍പര്യക്കുറവിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാള്‍ക്ക് പരമാവധി നാല് പശുക്കളെയാണ് ദത്തെടുക്കാനാകുക. ഒരു പശുവിന് 30 രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം.
തുടക്കത്തില്‍ പദ്ധതിക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. പദ്ധതിയുടെ തുടക്കത്തില്‍ 54,000 പശുക്കളെയാണ് ആളുകള്‍ ദത്തെടുത്തത്. 26,500 കര്‍ഷകര്‍ പദ്ധതിയുമായി സഹകരിച്ചു. എന്നാല്‍ പിന്നീട് തണുപ്പന്‍ പ്രതികരണമാണുണ്ടായത്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് ഒരുലക്ഷം അലഞ്ഞുതിരിയുന്ന പശുക്കളുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. മൂന്ന് മാസത്തിനിടെ 10000 പശുക്കളെ മാത്രമാണ് ദത്തെടുത്തത്.
വേണ്ടത്ര പ്രചാരം നല്‍കിയിട്ടും പദ്ധതിയോട് ആളുകള്‍ക്ക് താല്‍പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമുകളില്‍ നാല് ലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്. 2019-20 വര്‍ഷത്തെ ബജറ്റില്‍ 600 കോടിയാണ് പശുക്കളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മാറ്റിവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam