ബജറ്റ് സമ്മേളനത്തിന് തൊട്ടുമുൻപുള്ള ഈ യാത്ര വ്യക്തിപരമാണെന്ന് എംഎൽഎമാർ അവകാശപ്പെടുന്നുണ്ടെങ്കിലും, കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ യാത്ര ചർച്ചയാകുന്നു.
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസിനുള്ളിൽ അധികാര തർക്കം തുടരുന്നതിനിടെ, 21 കോൺഗ്രസ് എംഎൽഎമാർ ഒരുമിച്ച് വിദേശയാത്രയ്ക്കായി പുറപ്പെട്ടു. മാർച്ച് 6 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പതിനേഴാമത് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് എംഎൽഎമാരുടെ വിദേശയാത്ര എന്നതും അഭ്യൂഹമുയർത്തുന്നു. മാർച്ച് 27 വരെയാണ് നിയമസഭാ സമ്മേളനം. സിദ്ധരാമയ്യയോട് അടുപ്പം പുലർത്തുന്ന എംഎൽഎമാരാണ് ഒരുമിച്ച് വിദേശയാത്ര നടത്തുന്നതെന്നാണ് വിവരം.
ചൊവ്വാഴ്ച 11 എംഎൽഎമാർ പറന്നുയർന്നുവെന്നും മറ്റ് 10 പേർ കുടുംബത്തോടൊപ്പം വിവിധ വിദേശ സ്ഥലങ്ങളിലേക്ക് പോകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സി പുട്ടരംഗ ഷെട്ടി, ബി ദേവേന്ദ്രപ്പ, എച്ച്‌ഡി തമ്മയ്യ, ഹമ്പനഗൗഡ ബദർലി, ബിഎം നാഗരാജ്, എ വസന്ത് കുമാർ, ഡി തിമ്മയ്യ, ശരണഗൗഡ പാട്ടീൽ ബയ്യപൂർ എന്നിവർ വിദേശയാത്ര നടത്തുന്നവരിൽ ഉൾപ്പെടുന്നു. നിയമസഭാംഗങ്ങൾ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പര്യടനം നടത്തും. ക്വാലാലംപൂരിലേക്കാണ് ആദ്യം പോകുക. അവിടെനിന്നായിരിക്കും ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും യാത്ര തിരിക്കുക.
യാത്ര, വ്യക്തിപരമാണെന്നും പാർട്ടിയുമായോ സർക്കാരുമായോ ഇതിന് യാതൊരു ബന്ധവുമില്ലെന്നും എംഎൽഎമാർ വ്യക്തമാക്കി. ഞങ്ങൾ ഒരു സ്വകാര്യ ടൂർ പോകുകയാണ്. ഞാനും എന്റെ കുടുംബവും മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് തമ്മയ്യ പറഞ്ഞു. ബെലഗാവി നിയമസഭാ സമ്മേളനത്തിലാണ് തീരുമാനമെടുത്തതെന്ന് ചിക്കമഗളൂരു എംഎൽഎ പറഞ്ഞു. ഞങ്ങൾ പലപ്പോഴും വിദേശത്തേക്ക് പോകാറുണ്ട്, പക്ഷേ ഇത് വാർത്തയാകുന്നത് ഇതാദ്യമാണെന്നും തമ്മയ്യ പറഞ്ഞു. എല്ലാ എംഎൽഎമാരും ടൂറിന് പണം കണ്ടെത്തുന്നത് സ്വന്തമായിട്ടാണെന്നും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും ബദർലി വ്യക്തമാക്കി.
നേരത്തെ, മസ്കറ്റ്, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിവിടങ്ങളിൽ ഞങ്ങൾ സന്ദർശനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് രണ്ടിനോ മൂന്നിനോ എംഎൽഎമാർ തിരിച്ചെത്തുമെന്ന് പുട്ടരംഗ ഷെട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിയില്ല. എന്തിനാണ് അദ്ദേഹത്തിന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും ഷെട്ടി ചോദിച്ചു. സുഹൃത്തുക്കൾ ഒരുമിച്ച് വിദേശയാത്ര നടത്തുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി അടുപ്പമുള്ള എംഎൽഎമാർ പറഞ്ഞു. ഞങ്ങളും വിദേശയാത്ര നടത്തിയിട്ടുണ്ട്. അതിൽ എന്താണ് തെറ്റ്? എന്നെ ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് പോയില്ലെന്ന് എംഎൽഎ എച്ച്.സി. ബാലകൃഷ്ണ പറഞ്ഞു.
