
മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ പ്രതിചേര്‍ത്ത് സിബിഐ എഫ്ഐആര്‍. മുംബൈ മുന്‍ പൊലീസ് കമ്മീഷ്ണര്‍ പരംബീര്‍ സിംഗിന്‍റെ ആരോപണങ്ങളുടെ വെളിച്ചത്തില്‍ അഴിമതി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് സിബിഐയുടെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ഏപ്രില്‍ 21 ബുധനാഴ്ചയാണ് സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിന്‍റെ ഏഴാം വകുപ്പ്. ഐപിസിയിടെ 120 ബി കുറ്റകരമായ ഗൂഢാലോചന എന്നിവ ചേര്‍ത്താണ് സിബിഐ എഫ്ഐആര്‍. അടുത്ത ദിവസങ്ങളില്‍ തന്നെ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേ സമയം മഹാരാഷ്ട്രയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ സിബിഐ ശനിയാഴ്ച റെയിഡുകള്‍ നടത്തി. ദേശ്മുഖുമായി ബന്ധപ്പെട്ടവരുടെ ഇടങ്ങളിലായിരുന്നു റെയിഡ്. മുംബൈയിലെയും, നാഗ്പ്പൂരിലെയും കേന്ദ്രങ്ങളില്‍ റെയിഡ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. റെയ്ഡില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും, രേഖകളും സിബിഐ പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പിപിഇ കിറ്റ് ധരിച്ചായിരുന്നു റെയിഡ് നടത്തിയത്. ചിലയിടങ്ങളില്‍ ഞായറാഴ്ചയും റെയിഡ് തുടരും.
മുംബൈ പൊലീസ് അസിസ്റ്റന്‍റ് പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ ദേശ്മുഖിന്‍റെ പേര് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. അനില്‍ അംബാനിയുടെ വീട്ടിന് മുന്നില്‍ സ്ഫോടക വസ്തു കണ്ടെത്തിയ കേസും, തുടര്‍ന്ന് അതുമായി ബന്ധപ്പെട്ടയാളുടെ മരണവുമാണ് സച്ചിന്‍ വാസിനെ കുടുക്കിയത്. ഇയാളും മന്ത്രിയും നേരിട്ടുള്ള ബന്ധങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങളാണ് സിബിഐ അന്വഷിക്കുന്നത്. ഇത് അന്വേഷിക്കാന്‍ ഏപ്രില്‍ 12 മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ദേശ്മുഖിനെ എട്ടു മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു.
അനില്‍ ദേശ്മുഖിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള പ്രഥമിക തെളിവുകള്‍ ഉണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്. അനില്‍ ദേശ്മുഖിനെയും കേസുമായി ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്തതില്‍ നിന്നും അത് വ്യക്തമാണെന്ന് എഫ്ഐആര്‍ പറയുന്നതായി സിബിഐ പറയുന്നു. പൊലീസിലെ ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങളിലെ ദേശ്മുഖിന്‍റെ ഇടപെടല്‍, ഭീഷണിപ്പെടുത്തി പണം വാങ്ങുവാന്‍ പൊലീസിനെ നിയോഗിക്കല്‍ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് മുംബൈ മുന്‍ പൊലീസ് കമ്മീഷ്ണര്‍ പരംബീര്‍ സിംഗ് എഴുതിയ 140പേജ് കത്തും സിബിഐ പരിശോധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam