സുപ്രീംകോടതി ജഡ്ജിയും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു

By Web TeamFirst Published Apr 25, 2021, 8:36 AM IST
Highlights

ദില്ലിയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. അദ്ദേഹത്തിന് കൊവിഡ് ഉണ്ടായിരുന്നോ എന്ന കാര്യം ബന്ധുക്കൾ സ്ഥിരീകരിക്കുന്നില്ല.

ദില്ലി: മുതിർന്ന സുപ്രീംകോടതി ജസ്റ്റിസും മുൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു. 62 വയസ്സായിരുന്നു. ദില്ലിയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. അദ്ദേഹത്തിന് കൊവിഡ് ഉണ്ടായിരുന്നോ എന്ന കാര്യം ബന്ധുക്കൾ സ്ഥിരീകരിക്കുന്നില്ല.

ശനിയാഴ്ച രാത്രി വരെ അദ്ദേഹത്തിന്‍റെ സ്ഥിതി മെച്ചപ്പെട്ട് വരികയായിരുന്നുവെന്നും, അർദ്ധരാത്രിയോടെ കടുത്ത ശ്വാസം മുട്ടലനുഭവപ്പെട്ടതിനെത്തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് മോഹൻ ശാന്തനഗൗഡർ ചുമതലയേൽക്കുന്നത് 2017 ഫെബ്രുവരി 17-നാണ്. കർണാടക സ്വദേശിയായ അദ്ദേഹം കേരള ഹൈക്കോടതിയിലും ആക്ടിംഗ് ചീഫ് ജസ്റ്റിസായടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. കർണാടക ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി 2003-ൽ ചുമതല ലഭിച്ച അദ്ദേഹം, പിന്നീട് 2004-ഓടെ സ്ഥിരം ജഡ്ജിയായി. പിന്നീട് 2016-ൽ കേരള ഹൈക്കോടതിയിലെത്തിയ അദ്ദേഹം ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2016 സെപ്റ്റംബർ 22-ന് അദ്ദേഹത്തിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതല നൽകി. അതിന് ശേഷമാണ് സുപ്രീംകോടതിയിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം കിട്ടുന്നത്. 

click me!