ഉന്നാവ് കേസിലെ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം; സിബിഐ കേസെടുത്തു

By Web TeamFirst Published Jul 31, 2019, 11:20 AM IST
Highlights

പീഡനക്കേസില്‍ ആരോപണവിധേയനായ കുല്‍ദീപ് സിംഗ് സെംഗാര്‍ അടക്കം പത്തുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

ദില്ലി: ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയുടെ വാഹനാപകടത്തില്‍ സിബിഐ കേസെടുത്തു. പീഡനക്കേസില്‍ ആരോപണവിധേയനായ കുല്‍ദീപ് സിംഗ് സെംഗാര്‍ അടക്കം പത്തുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയുടെ നില ഇപ്പോഴും അതീവഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ മരിച്ച ബന്ധുവിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും.

സാക്ഷിമൊഴികളുടെയും മറ്റും അടിസ്ഥാനത്തിലാണ് കുല്‍ദീപ് സിംഗ്  സെംഗാറിനും മറ്റ് ഒമ്പതുപേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന 20 പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ കുല്‍ബര്‍ഗി പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിലടക്കം വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടര്‍ക്കുമെതിരെ പ്രധാനമായും ചുമത്തിയിരിക്കുന്നത്. അപകടത്തില്‍ മരിച്ച, ഉന്നാവ പെൺകുട്ടിയുടെ അമ്മായിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉന്നാവിലെ ഗംഗാ ഘട്ട് ശ്മശാനത്തിലാണ് സംസ്കാരം. ജയിലിൽ കഴിയുന്ന അമ്മാവന് ചടങ്ങിൽ പങ്കെടുക്കാൻ ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിഷയത്തില്‍ ഒരു സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. റായ്ബറേലി എഎസ്പിക്കാണ് ഇതുസംബന്ധിച്ച അന്വേഷണച്ചുമതല.  

 

click me!