
ലക്നൗ: ഉന്നാവോയിലെ ദുരൂഹമായ അപകടത്തെ സംബന്ധിച്ച് പൊലീസ് അനാസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗറില്‍നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കുടുംബാഗംങ്ങള്‍ 35 പരാതികള്‍ പൊലീസിന് നല്‍കിയെങ്കിലും ഒന്നില്‍പ്പോലും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഇംഗ്ലീഷ് ദിനപത്രം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പെണ്‍കുട്ടിക്ക് പൊലീസ് നല്‍കിയ സുരക്ഷ ജീവനക്കാരുടെ മുന്നില്‍വച്ച് എംഎല്‍എയുടെ സഹായികള്‍ ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള പരാതികളാണ് പൊലീസ് അവഗണിച്ചത്. വീഡിയോ സഹിതം പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും മാഖി പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ എംഎല്‍എയില്‍നിന്ന് ഭീഷണി നേരിടുകയാണ്. കേസ് സിബിഐ ഏറ്റെടുക്കുകയും എംഎല്‍എ ജയിലിലാകുകയും ചെയ്തതിന് ശേഷമാണ് ഭീഷണി തുടങ്ങിയത്. ഭയം കൊണ്ടാണ് ഉന്നാവോയിലെ മാഖിയിലുള്ള വീട്ടില്‍നിന്ന് മാറിയത്.-പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബം 33 പരാതികള്‍ ലോക്കല്‍ പൊലീസിന് നല്‍കിയതായി ഉന്നാവോ എസ്പി എംപി വെര്‍മ സ്ഥിരീകരിച്ചു. എന്നാല്‍, പരാതികളില്‍ കഴമ്പില്ലാത്തതാണ് അന്വേഷിക്കാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത ലോക്കല്‍ പൊലീസിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ലക്നൗ റേഞ്ച് ഐജിപി എസ്കെ ഭഗത് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതികള്‍ വീണ്ടും പരിശോധിക്കാനും അദ്ദേഹം ജില്ലാ പൊലീസിന് നിര്‍ദേശം നല്‍കി.
പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിച്ച് അപകടം നടന്ന സംഭവത്തില്‍ പൊലീസിന്‍റെ പങ്കും ചര്‍ച്ചയാകുകയാണ്. സംഭവ ദിവസം സുരക്ഷക്ക് നിയോഗിച്ച പൊലീസുകാര്‍ അകമ്പടി പോകാത്തത് നേരത്തെ ദുരൂഹതയുണര്‍ത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam