
ദില്ലി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു. ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനായി വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നാണ് മഹുവയുടെ മുൻ സുഹൃത്ത് ആനന്ത് ദെഹദ്രായി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ പരാതി ഉന്നയിച്ചത്. ഇതിലായിരുന്നു പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ പരിശോധന. ലോക്സഭാംഗത്വം നഷ്ടമായതിന് പിന്നാലെ മഹുവയ്ക്ക് ദില്ലിയിലെ ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നിരുന്നു.
ദർശൻ ഹിരാനന്ദാനിക്ക് ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യാനായി പാര്‍ലമെന്റ് അക്കൗണ്ടിന്റെ ലോഗിൻ ഐഡിയും പാസ്‌വേര്‍ഡും കൈമാറിയെന്ന് നേരത്തെ മഹുവ സമ്മതിച്ചിരുന്നു. വിദേശത്തുള്ള ബിസിനസ് ഗ്രൂപ്പിന് പാര്‍ലമെന്‍റ് ലോഗിന്‍ വിവരങ്ങള്‍ കൈമാറിയ ഗുരുതര കുറ്റമാണ് മഹുവയ്ക്ക് തിരിച്ചടിയായത്. 2019 ജുലൈക്കും 2023 ഏപ്രിലിനുമിടയില്‍ 47 തവണയാണ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് ലോഗിന്‍ അക്കൗണ്ട് യുഎഇയില്‍ വച്ച് ഹിരാനന്ദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.
ജമ്മുകാശ്മീര്‍ പുനഃസംഘടന ബില്‍, മുത്തലാഖ് ബില്ലടക്കം ഇരുപത് ബില്ലുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ മുന്‍കൂറായി പരിശോധിക്കാന്‍ ഈ സമയത്ത് പാര്‍ലമെന്റിലെ എംപിമാര്‍ക്ക് അനുവാദം നല്‍കിയിരുന്നു. പാര്‍ലമെന്‍റ് അക്കൗണ്ട് ഉപയോഗിച്ച ഹിരാനന്ദാനി ഗ്രൂപ്പ് സ്വാഭാവികമായും ഉള്ളടക്കം കണ്ടിരിക്കാമെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ ചോര്‍ന്ന് കിട്ടുന്ന രാജ്യവിരുദ്ധ ശക്തികള്‍ക്ക് പാര്‍ലമെന്‍റ് ആക്രമണം പോലും നടത്താമായിരുന്ന സാഹചര്യമാണ് മഹുവ സൃഷ്ടിച്ചതെന്ന് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ലമെന്‍റില്‍ മഹുവ ചോദിച്ച 61 ചോദ്യങ്ങളില്‍ 50തും ഹിരാനന്ദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നുവെന്നും എത്തിക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam