ഹാഥ്റസ് കേസിൽ സിബിഐ കുറ്റപത്രം നൽകി: കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരണം

By Web TeamFirst Published Dec 18, 2020, 3:28 PM IST
Highlights

അന്വേഷണം പൂ‍ർത്തിയാക്കി വിചാരണ കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിലാണ് കൂട്ടബലാത്സം​ഗം നടന്ന കാര്യം സിബിഐ സ്ഥിരീകരിച്ചത്. 

ദില്ലി: ദേശീയ തലത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഹാഥ്റസ് കൊലപാതക കേസിൽ ഇര കൂട്ടബലാത്സംഗം നേരിട്ടെന്ന് സ്ഥിരീകരിച്ച് സിബിഐ. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന യുപി സ‍ർക്കാരിൻ്റെ നിലപാടിനെ വിരുദ്ധമാണ് സിബിഐയുടെ കണ്ടെത്തൽ. അന്വേഷണം പൂ‍ർത്തിയാക്കി വിചാരണ കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിലാണ് കൂട്ടബലാത്സം​ഗം നടന്ന കാര്യം സിബിഐ സ്ഥിരീകരിച്ചത്. 

കേസിലെ നാല് പ്രതികൾക്കെതിരെയും ബലാൽസംഗത്തിനും കൊലപാതകത്തിനും ഉള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമ‍ർപ്പിച്ചിരിക്കുന്നത്. കേസിലെ നാല് പ്രതികളും ഒരുപോലെ കുറ്റം ചെയ്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. യു.പി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കേസിൽ രണ്ടുമാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഹാഥ്റസിൽ ദളിത് പെണ്‍കുട്ടിക്ക് നേരെയുണ്ടായ അധിക്രമത്തിൽ വലിയ വിവാദങ്ങൾക്കൊടുവിലാണ് യു.പി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ അറസ്റ്റിലായ സന്ദീപ്, ലവ് കുശ്, രവി, രാമു എന്നിവര്‍ക്കെതിരെ ബലാൽസംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചെയ്തതിന് വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. പെണ്‍കുട്ടി കൊല്ലപ്പെട്ടത് കൂട്ടബലാൽസംഗത്തിന് ഇരയായി തന്നെയാണെന്നും സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു. 

ഫോറൻസിക് പരിശോധനകളിലടക്കം എല്ലാ തെളിവുകളും പ്രതികൾക്ക് എതിരാണെന്നും പെണ്‍കുട്ടിയെ ബോധപൂര്‍വ്വം ആക്രമണത്തിന് ഇരയാക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. സംഭവം മേൽജാതി-കീഴ് ജാതി തര്‍ക്കമാണെന്ന കഥകളെല്ലാം സിബിഐ തള്ളി. സെപ്റ്റംബര്‍ 14നാണ് ഹാഥ്റസിലെ ഫൂൽഗഡി ഗ്രാമത്തിൽ പെണ്‍കൂട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. 

28ന് ദില്ലിയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ രാത്രി പൊലീസ് സംസ്കരിക്കുകയും ഗ്രാമം പൊലീസ് വളയുകയും ചെയ്തത് വലിയ കോളിളക്കങ്ങൾ ഉണ്ടാക്കി. പൊലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ഓരോ നീക്കങ്ങളും പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിരാണെന്ന് വിലയിരുത്തപ്പെട്ടു. സംഭവം യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു. 

സ്വമേധയാ കേസെടുത്ത അലഹാബാദ് ഹൈക്കോടതി യു.പി സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചു.  സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ കുടുംബത്തിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്.

ഹാഥ്റസ് പെണ്‍കുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന യു.പി പൊലീസ് വാദം തള്ളിയ ഡോക്ടറെ നേരത്തെ യുപി സ‍ർക്കാർ പുറത്താക്കിയിരുന്നു. അലിഗഡ് മെഡിക്കൽ കോളേജിലെ താൽകാലിക ചീഫ് മെഡിക്കൽ ഓഫീസര്‍ ഡോ. അസീം മാലിഖനെയാണ് പുറത്താക്കിയത്. ബലാൽസംഗം നടന്നോ എന്ന് പരിശോധിക്കാൻ 11 ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയുടെ സാമ്പിൾ ശേഖരിച്ചതെന്ന ഡോക്ടറുടെ വെളിപ്പെുത്തൽ വിവാദമായിരുന്നു.

click me!