ഉന്നാവ് ബലാത്സംഗക്കേസില്‍ ഇരയായ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: സിബിഐ അന്വേഷിക്കും

Published : Jul 31, 2019, 08:20 AM ISTUpdated : Jul 31, 2019, 08:51 AM IST
ഉന്നാവ് ബലാത്സംഗക്കേസില്‍ ഇരയായ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: സിബിഐ അന്വേഷിക്കും

Synopsis

അപകടത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സാ ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

ലഖ്‍നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബിജെപി എംഎൽഎ‍യ്‍ക്കെതിരെ പീഡനപരാതി നൽകിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കും. അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയതായി കേന്ദ്രം ഉത്തരവിറക്കി. അപകടത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.

സിബിഐക്ക് പുറമേ, ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘവും അപകടത്തെക്കുറിച്ച് അന്വേഷിക്കും. റായ്ബറേലി എഎസ്‍പിക്കാണ് അന്വേഷണ ചുമതല. സംഘത്തിൽ മൂന്ന് സി ഐമാർ കൂടി ഉണ്ടാകും. അതേസമയം, ലഖ്‍നൗ കിംഗ് ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സാ ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച റായ്‍ബറേലിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ പെണ്‍കുട്ടിക്കും അഭിഭാഷകന്‍റേയും നില ഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. ഇവരിലൊരാള്‍ ഉന്നാവോ കേസിലെ സാക്ഷിയാണ്. 

Also Read: മഹേന്ദ്ര സിങ്ങ്: അറിഞ്ഞുകൊണ്ട് മരണപ്പോരാട്ടത്തിനിറങ്ങിയ ഉന്നാവിലെ ധീരനായ അഭിഭാഷകൻ

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ കുൽദീപ് സിംഗ് സെംഗാര്‍ തന്നെയാണെന്ന് അപകടത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഒറ്റനോട്ടത്തിൽ അപകടമാണെന്നാണ് പൊലീസ് പറഞ്ഞെങ്കിലും, കാറിലിടിച്ച ട്രക്കിലെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കേസിൽ സംശയങ്ങൾക്കിടയാക്കുന്നു. പെൺകുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല എന്നതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥരെ പെൺകുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. 

Also Read: 'ജീവന് ഭീഷണിയുണ്ട്', ഉന്നാവ് പെൺകുട്ടി ജൂലൈ 12-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി

സംഭവം വിവാദമായത്തോടെ, ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെംഗാറിനെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എംഎല്‍എയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിലാണിത്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ക്കഴിയുന്ന മഹേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുര്‍ബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്നാണ് സിബിഐയുടെ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ