ദില്ലി: തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകിയിരുന്നെന്ന് ബന്ധുക്കൾ. ഈ വർഷം ജൂലൈ 12-നാണ് ഉന്നാവ് പെൺകുട്ടി കത്ത് നൽകിയിരിക്കുന്നത്. തനിക്കെതിരെ ഭീഷണിയുയർത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കത്തിൽ പെൺകുട്ടി ആവശ്യപ്പെടുന്നു. ''കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചിലർ എന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ്. എന്‍റെ കുടുംബത്തെ കള്ളക്കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്'', എന്ന് കത്തിൽ പെൺകുട്ടി പറയുന്നു. 

എന്നാൽ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ നടപടികളൊന്നുമുണ്ടായതായി സൂചനകളില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയ ശേഷം പതിനാറാം ദിവസമാണ് പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ നില അതീവഗുരുതരമാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ അഭിഭാഷകന്‍റെ നിലയും അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയോടൊപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കളും അപകടത്തിൽ മരിച്ചിരുന്നു. അപകടസമയത്ത് സ്ഥിരം പെൺകുട്ടിയോടൊപ്പം ഉണ്ടാകാറുള്ള സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല എന്നതും ദുരൂഹത കൂട്ടി. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു. 

എംഎൽഎയുടെ ഭീഷണിയെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽച്ചെന്നാൽ പൊലീസ് പരാതി സ്വീകരിക്കാതെ ഒത്തുതീർപ്പാക്കാനാണ് ആവശ്യപ്പെടാറ് എന്ന് പെൺകുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നതായി വാഹനാപകടക്കേസിലെ എഫ്ഐആറിൽ പറയുന്നുണ്ട്. സെംഗാർ എംഎൽഎയാണ്, വലിയ ആളാണ്, അതുകൊണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ ജോലി പോകുമെന്ന് പൊലീസുകാർ പറയാറുണ്ടെന്നും പൊലീസ് എഫ്ഐആറിൽ പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ പെൺകുട്ടി സ‍ഞ്ചരിച്ച ഓരോ വഴികളും ബിജെപി എംഎൽഎയ്ക്ക് തൽസമയം ഫോണിൽ കൈമാറാറുണ്ടെന്നാണ് എഫ്ഐആറിലെ വിവരം. കുൽദീപ് സെംഗാർ ജയിലിലായ ശേഷവും പെൺകുട്ടിയെ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സെംഗാറിനും സഹോദരനുമടക്കം പത്ത് പേർക്കെതിരെ വാഹനാപകടക്കേസിൽ കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎയാണെന്ന് കുടുംബം നിരന്തരം ആരോപിച്ചിരുന്നു.