
ദില്ലി: കൊവിഡ് 19 സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ഇറക്കുമതി ചെയ്യുന്നതിന്റെ മറവിൽ മയക്കുമരുന്ന് കടത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സിബിഐ. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സി.ബി.ഐ കത്തയച്ചു. ഇന്റര്‍പോളില്‍ നിന്നും ലഭിച്ച വിവരമാണ് സി.ബി.ഐ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.
ഏതൊക്കെ രീതിയിലാണ് കള്ളക്കടത്തുകാർ മയക്കുമരുന്ന് കടത്തുന്നത് എന്നതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ 194 അംഗരാജ്യങ്ങൾക്ക് ഇന്റർപോൾ കൈമാറിയിട്ടുണ്ട്. ഇതിനിടെ ദില്ലിയില്‍ നിന്നും കൊവിഡ് മരുന്നുകൾക്കൊപ്പം മയക്കുമരുന്നുകള്‍ ഇറക്കുമതി ചെയ്തതിന് ഒരാളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. ദില്ലി ഇന്ദര്‍പുരിയിൽ നിന്നുള്ള എല്‍ ദിഗ്രയെയാണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്കൊപ്പം മയക്കുമരുന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്.
ഇയാളുടെ കൈവശം 220 ഗ്രാം കഞ്ചാവിന്റെ നാല് പാക്കറ്റുകളാണുണ്ടായിരുന്നത്. ചോദ്യം ചെയ്യുന്ന സമയത്ത് 420 ഗ്രാമിന്റെ ഒരു പാക്കറ്റ് കൂടി എത്തിച്ചേരാനുണ്ടെന്ന് ദിഗ്രെ വ്യക്തമാക്കി. വിവിധ പേരുകളിലും അഡ്രസിലും ഫോൺനമ്പറിലുമാണ് ഇയാൾക്ക് പാർസലുകൾ എത്തിക്കൊണ്ടിരുന്നത്. എല്ലാ പാക്കറ്റുകളും ഒരേ വ്യക്തി തന്നെയാണ് അയച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
നിര്‍മ്മാണ സാമഗ്രികളുടെ കച്ചവടക്കാരനാണ് ഇയാൾ. സുഹൃത്തുക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് റഷ്യന്‍ ബന്ധം വഴിയാണ് മയക്കുമരുന്ന് കടത്തിയത്. ഇയാളെ എന്‍.ഡി.പി.എസ് നിയമപ്രകാരമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ള പല മയക്കുമരുന്നുകളും നിയമവിധേയമാണ്. ഇത്തരം പ്രദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നുകള്‍ ഇറക്കുമതി ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam