
ദില്ലി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു.
2024 - 25 വർഷത്തിൽ രാജ്യത്താകെ 44 ലക്ഷം വിദ്യാർത്ഥികൾ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതും. 8,000ത്തോളം സ്കൂളുകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാ കാലയളവിലുടനീളം കേന്ദ്രങ്ങളിൽ ഉയർന്ന റെസല്യൂഷനുള്ള ദൃശ്യം തുടർച്ചയായി റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷ നടക്കുന്ന ക്ലാസ് മുറികളുടെ പൂർണമായ ദൃശ്യം ലഭിക്കുന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിക്കണം.
സിസിടിവി സ്ഥാപിക്കുന്നതിനെ കുറിച്ച് എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അറിയിക്കണമെന്ന് സിബിഎസ്ഇ നിർദേശം നൽകി. റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കണം. ദൃശ്യങ്ങൾ അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമേ കാണാനാവൂ. ഫലപ്രഖ്യാപനത്തിന് ശേഷം രണ്ട് മാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കുമെന്നും സിബിഎസ്‍ഇ അറിയിച്ചു. പരീക്ഷാ നടത്തിപ്പ് നീതിയുക്തവും സുതാര്യവുമാണെന്ന് ഉറപ്പാക്കാൻ ഓരോ 10 പരീക്ഷാ മുറികൾക്കും അല്ലെങ്കിൽ 240 വിദ്യാർത്ഥികൾക്കായി ഒരു വ്യക്തിയെ നിയോഗിക്കുമെന്നും സിബിഎസ്‍ഇ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം 2020ന്‍റെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിച്ചു കൊണ്ടാണ് സുഗമമായ പരീക്ഷാ നടത്തിപ്പിനായി ഈ മാറ്റം കൊണ്ടുവരുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഫെബ്രുവരി പകുതിയോടെയാവും ഈ അധ്യയന വർഷത്തിലെ പരീക്ഷ നടത്തുക. ഔദ്യോഗികമായി പരീക്ഷാ തിയ്യതി സിബിഎസ്‍ഇ അറിയിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam