
ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ 0.48 ശതമാനം വർദ്ധനവ് ഉണ്ടായി. മേഖലകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. വിജയ ശതമാനത്തിൽ പതിവുപോലെ മുൻപിൽ പെണ്‍കുട്ടികളാണ്. 94.75 ശതമാനം പെൺകുട്ടികൾ പത്താം ക്ലാസിൽ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയ ശതമാനം 92.71 ശതമാനമാണ്.
cbseresults.nic.in, cbse.gov.in എന്നീ സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികള്‍ക്ക് ഫലമറിയാം. ഡിജി ലോക്കർ ആപ്പ് വഴിയും ഫലമറിയാം. പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചു. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും പ്രതീക്ഷിച്ചതുപോലെ ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നും സിബിഎസ്ഇ പ്രതികരിച്ചു
സിബിഎസ്‌ഇ പ്ലസ്ടു ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. കഴിഞ്ഞ വർഷത്തെക്കാൾ വിജയം ശതമാനത്തിൽ 0.65 ന്റെ വർധനവാണ് ഉണ്ടായത്. ഈ വർഷവും പെൺകുട്ടികൾ ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയ ശതമാനം 91.52 ശതമാനവും ആൺകുട്ടികളുടേത് 85.12 ശതമാനവുമാണ്.
കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.91 ശതമാനം വിജയം നേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. 24,000 ത്തിലധികം വിദ്യാർത്ഥികൾ 96 ശതമാനത്തിലധികം മാര്‍ക്ക് നേടി. 1.16 ലക്ഷം പേര്‍ 90 ശതമാനത്തിലധികം മാര്‍ക്കും നേടി. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നത്. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നും സിബിഎസ്ഇ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam