സിബിഎസ്‍ഇ പരീക്ഷാ ഫീസ് ഇരട്ടിയാക്കി;എസ്‍സി, എസ്‍ടി വിഭാഗത്തിനും ഇളവില്ലെന്ന് കേന്ദ്രം

By Web TeamFirst Published Nov 28, 2019, 6:10 PM IST
Highlights

ദില്ലി ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലും വിദ്യാർത്ഥികളുടെ പരീക്ഷാഫീസ് 750-ൽ നിന്ന് 1500 രൂപയായി വര്‍ധിപ്പിച്ചു.
 

ദില്ലി: സിബിഎസ്‍ഇ പത്താം ക്ലാസ്സ് പരീക്ഷാഫീസ് കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. ദില്ലി ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇനി പത്താം ക്ലാസ്സിലെ പരീക്ഷാഫീസ് 750 രൂപയിൽ നിന്ന് 1500 രൂപയായി കൂട്ടും. എസ്‍സി, എസ്‍ടി വിഭാഗത്തിലെ കുട്ടികൾ നൽകിയിരുന്ന ഫീസിളവ് ഇതോടെ നിർത്തലാക്കുകയാണ്. 2020 മുതൽ പുതിയ ഫീസ് നിരക്ക് നിലവിൽ വരും.

ലാഭവും നഷ്ടവുമില്ലാതെ പരീക്ഷ നടത്തുകയെന്നതാണ് ഉദ്ദേശ്യമെന്നാണ് കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്‍റിയാൽ വിശദീകരിച്ചത്. ലോക്സഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

ദില്ലി സർക്കാരിന് കീഴിലുള്ള 1299 സ്കൂളുകളിൽ പത്താം ക്ലാസ്സ് പരീക്ഷയുടെ ഫീസ് 375 രൂപയിൽ നിന്ന് 1200 രൂപയായി കൂട്ടും. ദില്ലി സ്കൂളുകളിൽ പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷാഫീസ് ഇനി 600 രൂപയിൽ നിന്ന് 1200 രൂപയാക്കും.

സിബിഎസ്‍ഇ സർക്കാരിന്‍റെ കീഴിലുള്ള സ്വതന്ത്രസ്ഥാപനമാണെന്നും സ്വയം ഭരണാവകാശമുള്ള ബോർഡായതിനാൽ അതിനുള്ള പ്രവർത്തനത്തിനുള്ള ഫണ്ട് സ്വയം കണ്ടെത്തേണ്ടതുണ്ടെന്നുമാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ബജറ്റിൽ നിന്ന് പ്രത്യേകം തുക സിബിഎസ്‍ഇക്കായി നീക്കി വയ്ക്കപ്പെടുന്നില്ല. അതിനാൽ സ്വയം ഫണ്ട് കണ്ടെത്താനായി ഫീസ് വർധന അത്യന്താപേക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

ഇതോടൊപ്പം 2020 മുതൽ സിബിഎസ്‍ഇ ചോദ്യപ്പേപ്പർ മാതൃകയിലും സമഗ്രമായ അഴിച്ചുപണി നടത്തുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എല്ലാ വിഷയങ്ങൾക്കും ഇന്‍റേർണൽ മൂല്യനിർണയം നടത്തും. കണക്ക്, ഭാഷകൾ, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഇന്‍റേണൽ മൂല്യനിർണയത്തിന് കൂടുതൽ വെയിറ്റേജ് നൽകിയേക്കും. പരീക്ഷകളിൽ മൾട്ടിപ്പിൾ  ചോയ്സ് ഉത്തരങ്ങൾക്കുളള വെയ്റ്റേജും കൂട്ടിയേക്കും. 
 

click me!