
ദില്ലി: സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലുള്ള ബദൽ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സമയം വേണ്ടിവരുമെന്ന് സർക്കാർ വ്യത്തങ്ങൾ. പത്താം ക്ലാസ് മാതൃകയിൽ ഇന്‍റേണല്‍ മാർക്ക് കണക്കിലെടുത്തുള്ള ഫലപ്രഖ്യാപനവും ആലോചനയിലുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാർക്കാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ വിശ്വാസത്തിലെടുക്കും. അവരുമായുള്ള കൂടിയാലോചന ഉടൻ നടക്കും. സ്കൂളുകളുടെ നിലവാരം അനുസരിച്ചുള്ള മോഡറേഷനും ആലോചനയിലുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇന്‍റേണല്‍ മാർക്ക് തന്നെ കർശന പരിശോധനയ്ക്ക് ശേഷമാണ് നല്‍കുന്നത് എന്ന കാര്യം ബോധ്യമുണ്ടെന്ന് സിബിഎസ്ഇ വ്യത്തങ്ങൾ പറഞ്ഞു.
എൻട്രൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടി ഏല്‍ക്കാതിരിക്കാന്‍ ബന്ധപ്പെട്ട ബോർഡുകളുമായി സംസാരിക്കും. സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ കാര്യം നാളെ സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. സംസ്ഥാന ബോർഡുകളുടെ കാര്യത്തിലും കോടതി ഇടപെട്ടേക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തെ എങ്ങനെ തീരുമാനം ബാധിക്കും എന്ന് വ്യക്തമായിട്ടില്ല. പ്രവേശനത്തിന് സിബിഎസ്ഇ മാർക്ക് അംഗീകരിക്കാമെന്നും പ്രത്യേക എൻട്രൻസ് ഉണ്ടാവില്ലെന്നും ദില്ലി സർവ്വകലാശാല മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇതിനിടെ സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണമെന്ന് നാളെ സുപ്രീംകോടതിയിൽ ആവശ്യപ്പെടുമെന്ന് ഹർജി നല്കിയ മമത ശർമ്മ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam